ടി.വി കാണാൻ ഇറക്കിയ തക്കത്തിന് രക്ഷപ്പെട്ടു; കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് ചാടിയ മോഷണക്കേസ് പ്രതി പിടിയിൽ


കോഴിക്കോട്: ജില്ലാ ജയിലില്‍ നിന്നും രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയില്‍. പുതിയങ്ങാടി നടുവിലകം വീട്ടില്‍ ടി.കെ മുഹമ്മദ് സഫാദി (24)നെയാണ് എലത്തൂര്‍ അത്താണിക്കലില്‍ നിന്നും പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇയാളെ പിടികൂടിയത്‌.

അത്താണിക്കലില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ ഓടിയ പ്രതിയെ അത്താണിക്കല്‍ ടൗണില്‍ നിന്നും നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ സിപിഒ മുക്തിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

ഞായറാഴ്ച രാവിലെ പത്തോടെയാണ് ഇയാള്‍ ജയിലില്‍ നിന്നും ചാടിയത്. തടവുകാരെ ടി.വി കാണാന്‍ പുറത്തിറക്കിയപ്പോള്‍ കടന്നുകളയുകയായിരുന്നു. സെല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെത്തി മേല്‍ക്കൂരയില്‍ കയറി ഓട് പൊളിച്ചാണ് പുറത്തുകടന്നത്.

പന്നിയങ്കര പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മോഷണകേസിലെ പ്രതിയാണ് ഇയാള്‍. കൊടിനാട്ടുമുക്കിലെ വയോധികയുടെ സ്വര്‍ണവള മോഷ്ടിച്ച് കമ്മത്ത് ലൈനിലെ സ്വര്‍ണകടയില്‍ വിറ്റെന്നാണ് കേസ്. ജയില്‍ ചാടിയതിന് കസബ പോലീസും കേസെടുത്തിട്ടുണ്ട്.

Description: Accused in theft case who jumped from Kozhikode District Jail arrested