കണ്ണൂരിൽ അഞ്ച് വയസുകാരൻ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ
കണ്ണൂർ: ചെറുപുഴയിൽ അഞ്ച് വയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ് മരിച്ചത്. ചെറുപുഴ സെൻറ് സെബാസ്റ്റ്യൻ ആശുപത്രി നിർമ്മാണ പ്രവർത്തിക്ക് വേണ്ടി നിർമ്മിച്ച വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വൈകീട്ട് നാലരയോടെ കുട്ടിയെ കാണാതായിരുന്നു. തെരച്ചിലിനിടെ ആശുപത്രി പരിസരത്തെ തുറന്നു കിടന്ന ടാങ്കിലെ വെള്ളത്തില്‍ മുങ്ങി മരിച്ചനിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് ചെറുപുഴ പൊലീസും പെരിങ്ങോമില്‍ നിന്ന് അഗ്നിരക്ഷാസേനയുമെത്തി മൃതദേഹം പുറത്തെടുത്തു.
മാതാപിതാക്കൾ ആശുപത്രി നടത്തുന്ന കോണ്‍വെന്റിന്റെ പറമ്പില്‍ പണിയെടുക്കുന്ന തൊഴിലാളികളാണ്. ചെറുപുഴ ജെ.എം.യു.പി സ്കൂളിലെ എല്‍.കെ.ജി വിദ്യാർഥിയാണ് മരിച്ച വിവേക് മുര്‍മു.