സന്തോഷ് ട്രോഫിയുടെ കിരീടത്തില്‍ മുത്തമിടാന്‍ കേരളം; ടീമിന് കരുത്തേകാന്‍ കോഴിക്കോടുനിന്ന് ബാസിത്തും നൗഫലും
കോഴിക്കോട്: മലപ്പുറം ആതിഥേയരാകുന്ന സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം കിരീടത്തില്‍ മുത്തമിടാനുള്ള കഠിന പരിശ്രമത്തിലാണ് കേരള ടീം. കോഴിക്കോട് നിന്നുള്ള രണ്ട് പേരുള്‍പ്പെടെ യുവത്വവും പരിചയസമ്പത്തും ചേര്‍ന്ന 20 അംഗം ടീമാണ് കേരളത്തിന്റേത്. തിരുവമ്പാടി സ്വദേശി മുഹമ്മദ് ബാസിത്, പി.എന്‍ നൗഫല്‍ എന്നിവരാണ് കോഴിക്കോട് നിന്നുള്ളവര്‍. ഇരുപത്തിരണ്ടുകാരനായ നൗഫല്‍ സന്തോഷ് ട്രോഫിയില്‍ ആദ്യമാണ്.
ഗ്രാമത്തിന്റെ അസൗകര്യങ്ങള്‍ക്കും പരിമിതികള്‍ക്കുമിടയിലായിരുന്നു നൗഫല്‍ പന്ത് തട്ടി താരമായി വളര്‍ന്നത്. തിരുവമ്പാടി കോസ്‌മോസ് ക്ലബിനും ആഹ്ലാദവേളയാണിത്. കോസ്‌മോസ് ക്ലബിലെ 2009ലെ പരിശീലന ക്യാമ്പിലൂടെയാണ് നൗഫല്‍ മൈതാനത്ത് കാല്‍പന്ത് തട്ടി തുടങ്ങിയത്. എട്ടാം വയസ്സില്‍ തിരുവമ്പാടി ഹൈസ്‌കൂള്‍ മൈതാനിയില്‍ പരിശീലനം തുടങ്ങി.
ഏഴ് വര്‍ഷം കോസ്‌മോസ് ക്ലബിനായി പ്രാദേശിക ടൂര്‍ണമെന്റുകള്‍ക്കായി മൈതാനത്തിറങ്ങി. കോസ്‌മോസ് ക്ലബിലെ കെ.എഫ്. ഫ്രാന്‍സിസായിരുന്നു ആദ്യ പരിശീലകന്‍. മലയോരത്തെ പ്രാദേശിക ക്ലബിലൂടെ കളിച്ച് വളര്‍ന്ന താരം സന്തോഷ് ട്രോഫി കേരള ടീമിലെത്തിയതില്‍ അഭിമാനമുണ്ടെന്ന് കോസ്‌മോസ് ക്ലബ് രക്ഷാധികാരി കെ. മുഹമ്മദാലി പറഞ്ഞു.
സബ് ജൂനിയര്‍ ഇന്ത്യ ടീമിലെ താരമായിരുന്നു നൗഫല്‍. കേരള പ്രീമിയര്‍ ലീഗില്‍ സെമിഫൈനലിലെത്തിയ ബാസ്‌കോ ഒതുക്കുങ്ങലിന്റെ മിഡ്ഫീല്‍ഡറായിരുന്നു. ചേലേമ്പ്ര എന്‍.എന്‍ .എംഎച്ച്.എസ്.എസില്‍ പഠിക്കുമ്പോള്‍ സുബ്രതോ കപ്പിലും കളത്തിലിറങ്ങി. ഗോകുലം എഫ്‌സിയുടെ ജൂനിയര്‍ ടീമിലും കളിച്ചു. സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ജില്ല ടീമിലും പന്ത് തട്ടി. സന്തോഷ് ട്രോഫി ടീമില്‍ ഇടം നേടാനായതില്‍ സന്തോഷമുണ്ടെന്നു പി.എന്‍. നൗഫല്‍ പറഞ്ഞു. തിരുവമ്പാടി പുത്തന്‍വീട്ടില്‍ നൗഷാദ് – ജമീല ദമ്പതികളുടെ മകനാണ്.
മാന്തോട്ടം സ്വദേശിയായ മുഹമ്മദ് ബാസിതാണ് ടീമിലുള്‍പ്പെട്ട മറ്റൊരു കോഴിക്കോട്ടുകാരന്‍. ഇരുപതുകാരനായ ബാസിത് കേരള ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമിലെ പ്രതിരോധ താരമാണ്. മുംബൈയില്‍ റിലയന്‍സ് ഫൗണ്ടേഷന്‍ യംഗ് ചാംപ്‌സ് പദ്ധതിയിലൂടെ വളര്‍ന്ന താരമാണ് ബാസിത്. രണ്ടു വര്‍ഷമായി ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമിനൊപ്പമാണ്. ബാസിത്തും സന്തോഷ് ട്രോഫിയില്‍ ആദ്യമായാണ് മത്സരത്തിനിറങ്ങുന്നത്.
മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളില്‍ ഏപ്രില്‍ 16ന് സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ് മത്സരം തുടങ്ങും. പയ്യനാട്ട് 28നും 29നും സെമി ഫൈനല്‍ മത്സരങ്ങളും മേയ് രണ്ടിന് ഫൈനലും നടക്കും. 16ന് രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ കളി.