ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി: ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ ആകില്ലെന്ന് സുപ്രീം കോടതി. ദീര്‍ഘകാലം ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന തരത്തില്‍ പരാതിയുമായി വരുന്നത് ദുഖകരം ആണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് മാരായ ബി വി നാഗരത്‌ന, എന്‍ കെ സിംഗ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേത് ആണ് വിധി. മുംബൈയിലെ ഖാര്‍ഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി നടപടി.

മഹേഷ് ദാമു ഖരെയ്‌ക്കെതിരെ വനിത എസ്.ജാദവ് നല്‍കിയ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. 2008 മുതല്‍ മഹേഷ് ദാമുഖരെയുമായി വനിതയ്ക്ക് ബന്ധമുണ്ടായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് താനുമായി ഖരെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് എന്നാണ് വനിതയുടെ പരാതി.

2017ലാണ് ഇവര്‍ പരാതി നല്‍കിയത്. യുവതിയുടെ അറിവോടെ ഇത്രയും നീണ്ടകാലം ശാരീരിക ബന്ധം തുടര്‍ന്നിരുന്നുവെന്നതാണ് ഇവിടുത്തെ സാഹചര്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ശാരീരിക ബന്ധം വെറും ഖരെ നല്‍കിയ വിവാഹവാഗ്ദാനം ഒന്നുകൊണ്ടുമാത്രമാണ് തുടര്‍ന്നതെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നുള്ള സമാനമായ കേസ് റദ്ദാക്കിയും കോടതി ഉത്തരവ് പറഞ്ഞിരുന്നു.