പ്രസവ സമയത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ അവഗണിച്ചു, കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍; കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി ചെറുവണ്ണൂര്‍ സ്വദേശിനിയും കുടുംബവും
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ സമയത്ത് ഡോക്ടറുടെ ഭാഗത്തുനിന്നും വേണ്ടത്ര ശ്രദ്ധ കിട്ടാത്തതുകാരണം നവജാത ശിശുവിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്ന പരാതിയുമായി പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിനി. ചികിത്സയില്‍ പിഴവുകളുണ്ടായെന്നും ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ അത് വേണ്ടരീതിയില്‍ പരിഗണിച്ചില്ലെന്നും ഇതാണ് തനിക്കും കുഞ്ഞിനുമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമെന്നുമാണ് അനുശ്രീയുടെ ആരോപണം.
കഴിഞ്ഞ ജനുവരി 24നാണ് പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിനി അനുശ്രീ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനായെത്തിയത്. ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ സൂരജാണ് അനുശ്രീയെ ചികിത്സിച്ചിരുന്നത്. ഒമ്പതാം മാസത്തെ സ്‌കാനിങ്ങില്‍ കുഞ്ഞ് കയലയില്‍ കുരുങ്ങിയതായി കണ്ടെങ്കിലും ഡോക്ടര്‍ ഇത് കാര്യമായെടുത്തില്ല. മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടറോട് ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോള്‍ തന്നോടും അമ്മയോടും മോശമായാണ് പെരുമാറിയത്. ഡോക്ടര്‍മാരുടെ അശ്രദ്ധകാരണം തനിക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവന്നും ജനിച്ച് പത്തുമാസമായിട്ടും കുഞ്ഞിന് ഇതുവരെ മാനസിക വികാസമുണ്ടായിട്ടില്ലെന്നും അനുശ്രീ പറയുന്നു. ജനിച്ച സമയത്ത് വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കാത്താണ് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് തടസമായതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും ഇവര്‍ പറയുന്നു.
കുഞ്ഞ് പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ട്യൂബിലൂടെയാണ് ഇപ്പോഴും ആഹാരം നല്‍കുന്നത്. സാധാരണ കുഞ്ഞുങ്ങളെപ്പോലെ പാലുകുടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കുടുംബം പറയുന്നു.
മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. തക്കതായ നടപടിയെടുത്തില്ലെങ്കില്‍ സമരവുമായി രംഗത്തുവരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
Summary: doctors ignored the health problems during delivery, the baby had serious health problems; Cheruvannur resident and her family allege against Kozhikode Medical College