കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ കടയിൽ കയറി കാട്ടുപന്നിയുടെ ആക്രമണം; നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചു


കോഴിക്കോട്: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ കടയിൽ കയറി കാട്ടുപന്നിയുടെ ആക്രമണം, നിരവധി പേർക്ക് പരുക്ക്. താമരശ്ശേരി ചുങ്കത്ത് ഫോറസ്റ്റ് ഓഫീസിന് എതിർവശത്തെ വ്യാപാര സ്ഥാപനത്തിലാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചു.

ടെക്നോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൻ്റെ ചില്ലുകൾ തകർത്താണ് പന്നി കടയിൽ കയറിയത്. കടയിൽ സാധനം വാങ്ങാനായി എത്തിയ കോളേജ് അധ്യാപകൻ ഈങ്ങാപ്പുഴ പാലയ്ക്കാമറ്റത്തിൽ ലിജോ ജോസഫിനെ (33) കുത്തി പരിക്കേൽപ്പിച്ചു. ലിജോയുടെ കാലിനും കൈയ്ക്കും പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയിലെ ഗ്ലാസ് ഉൾപ്പെടെയുള്ള സാധനങ്ങൾ പന്നി തകർത്തു.

പുറത്തിറങ്ങിയ പന്നി കയ്യേലിക്കുന്ന് പള്ളിക്ക് പിന്നിൽ താമസിക്കുന്ന ജുബൈരിയ, മകൾ ഫാത്തിമ നജ എന്നിവരെയും ആക്രമിച്ചു. വീടിൻ്റെ മുറ്റത്ത് നിന്നാണ് കുത്തേറ്റത്. കൃഷി നശിപ്പിക്കാനെത്തുന്ന പന്നികൾ പകൽ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്നത് ഭീഷണിയാകുന്നുണ്ട്.