സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പതാക ഉയര്‍ത്തലും; ധീരജവാന്‍ സുബിനേഷിന്റെ ഒന്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക ദിനം ആചരിച്ച് യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്


ചെങ്ങോട്ടുകാവ്: ധീരജവാന്‍ സുബിനേഷിന്റെ ഒന്‍പതാം രക്തസാക്ഷിത്വ വാര്‍ഷിക ദിനം ചേലിയ മുത്തു ബസാറില്‍ യുവധാര ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയിലും പതാക ഉയര്‍ത്തല്‍ ചടങ്ങിലും നൂറുകണക്കിന് നാട്ടുകാരും വിദ്യാര്‍ത്ഥികളും പട്ടാളക്കാരും പങ്കെടുത്തു. കൊയിലാണ്ടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ചന്ദ്രശേഖരന്‍ പതാക ഉയര്‍ത്തി. മുന്‍ എം.എല്‍.എ പി.വിശ്വന്‍ മാസ്റ്റര്‍ സംസാരിച്ചു.

ഉച്ചക്ക് നടന്ന ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ‘ക്വിസ് മത്സരം കെ.കെ കിടാവ് യു .പി സ്‌കൂള്‍. ഹെഡ്മാസ്റ്റര്‍ ബിന്ദു മാധവന്‍ ഉദ്ഘാനം ചെയ്തു. പ്രനീത.ടി.കെ, മിനി സോമശേഖരന്‍, ജോര്‍ജ് മാസ്റ്റര്‍ കെ.ടി, കുഞ്ഞായന്‍കുട്ടി മാസ്റ്റര്‍ സംസാരിച്ചു.

വൈകീട്ട് മുത്തു ബസാറില്‍ വെച്ച് നടന്ന അനുസ്മരണ സമ്മേളനം കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കണ്‍വീനര്‍ ജോഷി.കെ.എം സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.ബാലകൃഷ്ണന്‍ അധ്യക്ഷനായി. ചേലിയ 7 ,8 ,9 വാര്‍ഡുകളില്‍ പാഠ്യ-പാഠ്യേതര മേഖലകളില്‍ ഉയര്‍ന്ന വിജയം നേടിയ 74 വിദ്യാര്‍ത്ഥികളേയും അവരുടെ രക്ഷിതാക്കളേയും ചടങ്ങില്‍ ആദരിച്ചു. സുരക്ഷാ പാലിയേറ്റീവിന് സുബിനേഷിന്റെ കുടുബം നല്‍കുന്ന ഉപകരണങ്ങള്‍ പിതാവ് കുഞ്ഞിരാമനില്‍ നിന്ന് കാനത്തില്‍ ജമീല എം.എല്‍.എ ഏറ്റുവാങ്ങി.

ചടങ്ങില്‍ പ്രിയ കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവിന് ഉപഹാരം നല്‍കി ആദരിച്ചു. ഉപഹാര ശില്പം നിര്‍മിച്ച അശോകന്‍ കുനിയിലിനെ എം.എല്‍.എ പൊന്നാട അണിയിച്ചു. ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി.വി ജീജോ അനുസ്മരണ ഭാഷണം നടത്തി. സത്യചന്ദ്രന്‍ പൊയില്‍ക്കാവ് സ്‌നേഹജ്വാല കൊളുത്തി ഭീകരവിരുദ്ധ പ്രതിഞ്ജയെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ടി എം കോയ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ മജു കെ എം, അബ്ദുള്‍ ഷുക്കൂര്‍, വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ സി.വി ബാലകൃഷ്ണന്‍, വായനാരി വിനോദ്, പി.സത്യന്‍ എന്നിവര്‍ സംസാരിച്ചു. യുവധാര പ്രസിഡണ്ട് അമിത്ത് പുതിയോട്ടില്‍ നന്ദി രേഖപ്പെടുത്തി.