പോസ്റ്റ്മോർട്ടം നിർത്തലാക്കിയതിനെതിരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ബി.ജെ.പിയുടെ പ്രതിഷേധം


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ നിർത്തലാക്കിയതിനെതിരെ ആശുപത്രിയുടെ മുന്നിൽ പ്രതിഷേധവുമായി ബി.ജെ.പി. ആയിരക്കണക്കിന് രോഗികൾ നിത്യേനെ ആശ്രയിക്കുന്ന ആശുപത്രിയിൽ നിസാര കാരണങ്ങൾ പറഞ്ഞ് പോസ്റ്റ്മോർട്ടം നടപടികൾ നിർത്തലാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ബി.ജെ.പി പ്രതിഷേധിച്ചത്.

കൊയിലാണ്ടിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് നിലവിൽ പോസ്റ്റ്മോർട്ടം നടത്തുന്നത്. ഇത് പാവപ്പെട്ട കുടുംബങ്ങൾക്ക് 25,000 രൂപയെങ്കിലും അധിക ബാധ്യത ഉണ്ടാക്കുന്നതാണ്. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലങ്കിൽ ആശുപത്രി സൂപ്രണ്ടിനെ ഖരാവോ ചെയ്യുന്നത് ഉൾപ്പെടെയുള്ള സമര പരിപാടികളുമായി ബി.ജെ.പി മുന്നോട്ടു പോകുമെന്ന് മണ്ഡലം പ്രസിഡന്റ് എസ്.ആർ.ജയ്കിഷ്  പറഞ്ഞു.

ആശുപത്രിയിൽ ഡയാലിസിസ് രോഗികൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ നടപടി ഉണ്ടാവണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. സ്വകാര്യ ഡയാലിസിസ് കേന്ദ്രങ്ങളെയാണ് മിക്ക രോഗികളും ആശ്രയിക്കുന്നത്. ഇപ്പോൾ പ്രതിദിനം ഡയാലിസിസ് ചെയുന്ന രോഗികളുടെ എണ്ണം വളരെ കുറവാണ്. രണ്ടോ മൂന്നോ ഷിഫ്റ്റുകളായി ഡയാലിസിസ് നടത്തിയാൽ കൂടുതൽ പേർക്ക് ഡയാലിസിസ് ചെയ്ത് നിലവിലെ സൗകര്യങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താവുന്നതാണെന്നും ബി.ജെ.പി അഭിപ്രായപ്പെട്ടു.

പ്രതിഷേധ പരിപാടി ബി.ജെ.പി ജില്ലാ ട്രഷറർ വി.കെ.ജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജയികിഷ് അധ്യക്ഷത വഹിച്ചു. കെ.വി.സുരേഷ്, വി.കെ.മുകുന്ദൻ, ഒ.മാധവൻ, അഭിൻ അശോക്, വൈശാഖ് കെ.കെ, പ്രീജിത്, ഗിരിജ ഷാജി, അഡ്വ. വിനിഷ, രവി വല്ലത്ത്, മനോജ്‌ കെ.പി.എൽ, വി.കെ.രാമൻ, രജീഷ് തൂവക്കോട് എന്നിവർ സംസാരിച്ചു.