പാലക്കാട് വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നിര, വിജയ പ്രതീക്ഷയില്‍ മൂന്ന് മുന്നണികളും


പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് തുടങ്ങി. പത്ത് സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്.

229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ യുഡിഎഫിനായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫിനായി കോണ്‍ഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ ഡോ. പി സരിനും എന്‍ഡിഎയ്ക്കായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറുമാണ് മത്സരരംഗത്തുള്ളത്.

രാവിലെ തന്നെ ബൂത്തുകളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്ന്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര കാണാം. മികച്ച ഭൂരിപക്ഷമുണ്ടാവുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. പാലക്കാടിന്റെ മനസ് തനിക്കൊപ്പമാണെന്ന് പി.സരിന്‍ പറഞ്ഞു. എന്‍.ഡി.എക്ക് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്ന് കൃഷ്ണകുമാറും പ്രതികരിച്ചു.

Summary: Palakkad Voting Begins