വിഷുവെത്തിയതോടെ ഉത്സവത്തിരക്കില്‍ പേരാമ്പ്ര കല്ലൂര്‍ക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രം
പേരാമ്പ്ര: വിഷുപ്പുലരിയായതോടെ ഉത്സവലഹരിയില്‍ പേരാമ്പ്ര കല്ലൂര്‍ക്കാവ് പാമ്പൂരികരുവാന് ഭഗവതി ക്ഷേത്രം. മേടസംക്രമണം കല്ലൂര്‍ക്കാവില്‍ വിഷുവിളക്ക് ആറാട്ടുത്സവത്തിന്റെ ദിനങ്ങളാണ്. പിഷുപ്പുലരി പിറന്നാലാണ് ഇവിടുത്തെ പ്രധാനചടങ്ങായ വിഷുവിളക്ക് ആറാട്ട് എഴുന്നള്ളത്ത്.
ഉത്തരമലബാറിലെ പാമ്പിന്മേക്കാട്ട് എന്നറിയപ്പെടുന്ന ക്ഷേത്രമാണ് കല്ലൂര്‍ക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രം. നാഗാരാധനയ്ക്കാണ് ഇവിടെ പ്രാമുഖ്യം. ഏപ്രില്‍ 13, 14, 15 തിയ്യതികളിലാണ് ഇത്തവണത്തെ പ്രധാന ആഘോഷം. തുടര്‍ന്ന് ഏഴാം വിഷുദിനംവരെ നാഗത്തിന് കൊടുക്കലും കലശവും ഉണ്ടാകും.
ഉത്സവകാലത്ത് നാനാഭാഗങ്ങളില്‍ നിന്നും കാണിക്കയും നേര്‍ച്ചക്കാഴ്ചകളുമായി ഭക്തജനങ്ങള്‍ കാവിലെത്തും. വൈകുന്നേരത്തോടെയെത്തുന്ന കുടവരവുകളാണ് ഇവിടുത്തെ ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണം. കൂത്താളിയില്‍ നിന്നുള്ള കുടവരവാണ് ക്ഷേത്രത്തില്‍ ആദ്യം എത്തുക. പനക്കാട് ഭഗവതിയോട് കല്ലൂര്‍ക്കാവില്‍ വിഷുവിന് ഉത്സവം നടത്താനായി അനുവാദം ചോദിച്ചപ്പോള്‍ ആ സമയത്ത് നടത്തിയാല്‍ മഴപെയ്യിക്കുമെന്നും കുടകെട്ടിക്കുമെന്നും പറഞ്ഞുവെന്നും അതാണ് കുടവരവിന് പിന്നിലെന്നുമാണ് വിശ്വാസം.
പ്രകൃതിയുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് കല്ലൂര്‍ക്കാവ്. ഇന്നും ഓലമേഞ്ഞതാണ് ഇവിടുത്തെ പടിഞ്ഞാറ്റയും പാട്ടുപുരയുമെല്ലാം. പടിഞ്ഞാറ്റയ്ക്കും പാട്ടുപുരയ്ക്കും പുറമേ പടിപ്പുരയും നാഗക്കോട്ടയും, ഭഗവതികാവുമെല്ലാം ക്ഷേത്രത്തിന്റെ ഭാഗമാണ്.