കേരളത്തിലെ ഇറച്ചിക്കോഴികളില്‍ മരുന്നുകളെ അതിജീവിക്കുന്ന ബാക്ടീരിയ; സ്ഥിരീകരിച്ച് ഐ.സി.എം.ആര്‍ പഠനം
തിരുവനന്തപുരം: കേരളത്തിലെ ഇറച്ചിക്കോഴികളില്‍ മരുന്നുകളെ അതിജീവിക്കുന്ന ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ച് ഐ.സി.എം.ആര്‍. ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞന്‍ ഡോ. ഷോബി വേളേരിയുടെ നേതൃത്വത്തില്‍ അജ്മല്‍ അസീം, പ്രാര്‍ഥി സാഗര്‍, എന്‍. സംയുക്തകുമാര്‍ റെഡ്ഡി എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. ഐ.സി.എം.ആര്‍ – നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ ഡ്രഗ്‌സ് സേഫ്റ്റി ഡിവിഷന്‍ ഒരു അന്താരാഷ്ട്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
വ്യവസായികാടിസ്ഥാനത്തില്‍ പ്രൗള്‍ട്രി ഫാമുകള്‍ ആരംഭിച്ചതോടെ കോഴിവളര്‍ത്തലിന് വ്യാപകമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. ഇതാണ് ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയ സാന്നിധ്യത്തിന് കാരണമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. കേരളത്തിനു പുറമേ തെലങ്കാനയില്‍നിന്നുള്ള സാമ്പിളുകളിലും ജീന്‍ പ്രൊഫൈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വിവിധ മേഖലകളില്‍നിന്ന് കോഴിവിസര്‍ജ്യം ശേഖരിക്കുകയും ഡി.എന്‍.എ വേര്‍തിരിച്ച് പഠന വിധേയമാക്കുകയുമാണ് സംഘം ചെയ്തത്.ഇത്തരം ബാക്ടീരിയകള്‍ ആന്റിബയോട്ടിക് പ്രതിരോധം കൂടി ആര്‍ജിച്ചാല്‍ ഇവ മരുന്നുകളില്‍നിന്ന് ഇരട്ടി സുരക്ഷിതമാകും. ഇതാകട്ടെ കൂടുതല്‍ അപകടകരമാണ്. കേരളത്തില്‍നിന്നുള്ള സാമ്പിളുകളില്‍ ഗ്രാം നെഗറ്റിവ് ബാക്ടീരിയകളുമുണ്ടെന്നതാണ് ആശങ്കകര’മെന്നും അദ്ദേഹം പറഞ്ഞു.
മരുന്നുകളെ അതിജീവിച്ച അപകടകാരികളായ ബാക്ടീരിയകളുടെ പട്ടിക ഐ.സി.എം.ആര്‍ തയാറാക്കിയിട്ടുണ്ട്. ഇതില്‍ ന്യുമോണിയക്ക് കാരണമാകുന്ന ക്ലബ്‌സില്ല ന്യുമോണിയ സ്റ്റഫലോകോക്കസ്, വയറിളക്ക രോഗങ്ങള്‍ക്ക് കാരണമാകുന്ന ഇ-കോളി, ത്വഗ്‌രോഗങ്ങള്‍ക്ക് കാരണമാകുന്ന സ്റ്റഫലോകോക്കസ് എന്നിവയടക്കം കേരളത്തില്‍നിന്നുള്ള ഇറച്ചിക്കോഴികളില്‍ കണ്ടെത്തി. അതിജീവന ശേഷി നേടിയ ഈ ബാക്ടീരിയകള്‍ മൂലമുള്ള രോഗബാധകളില്‍ മരുന്നുകള്‍ ഫലിക്കില്ലെന്നതിനാല്‍ ചികിത്സ പ്രതിസന്ധിയിലാകുമെന്നതാണ് പൊതുജനാരോഗ്യ ആരോഗ്യ സംവിധാനങ്ങള്‍ നേരിടുന്ന വെല്ലുവിളി.