ചേലിയയില്‍ മാലിന്യം തള്ളിയ സംഭവം; സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്താല്‍ ആളെ കണ്ടെത്തി, പ്രതികളെക്കൊണ്ടുതന്നെ ചാക്കുകെട്ടുകളെടുപ്പിച്ച് എം.സി.എഫിലെത്തിച്ച് പഞ്ചായത്ത്, പിഴയും ചുമത്തി
ചെങ്ങോട്ടുകാവ്: പഞ്ചായത്തിലെ ഏഴാം വാര്‍ഡ ചേലിയ ടൗണിന് സമീപം വന്‍തോതില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ പഞ്ചായത്തിന്റെ നടപടി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചതില്‍ നിന്നും കൊയിലാണ്ടിയിലെ കെ.ജെ.ആര്‍ക്കേഡ് എന്ന സ്ഥാപനത്തിനും ചേമഞ്ചേരി, തിരുവങ്ങൂര്‍ ചേലിയ പ്രദേശവാസികളായ പ്രതികള്‍ക്കുമെതിരെ നടപടിയെടുക്കുകയായിരുന്നു.
ചേലിയ ടൗണിന് സമീപം കക്കാട്ട് താഴെ കനാല്‍ ഭാഗത്താണ് 37ഓളം ചാക്കുകളില്‍ മാലിന്യം തള്ളിയത്. നവംബര്‍ 15ന് രാവിലെയാണ് മാലിന്യം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ മാലിന്യ ചാക്കുകള്‍ പ്രതികളെക്കൊണ്ടുതന്നെ ഇവിടെ നിന്ന് മാറ്റിക്കുകയും തൂക്കിയശേഷം ഹരിതകര്‍മ്മസേനയുടെ എം.സി.എഫിലേക്ക് എത്തിക്കുകയും ചെയ്തു. പ്രതികളില്‍ നിന്നും 30000 രൂപ പിഴ ഈടാക്കി.
പ്ലാസ്റ്റിക് കുപ്പികളടക്കമുള്ള മാലിന്യങ്ങളാണ് ചാക്കുകെട്ടിലാക്കി തള്ളിയത്. പ്രദേശത്ത് ആള്‍താമസം കുറവായതിനാല്‍ മാലിന്യം തള്ളുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ക്ക് പ്രദേശവാസികള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥആനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീബമലയിന്റെയും വാര്‍ഡ് മെമ്പര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തുകയുമായിരുന്നു.
Summary: chengottukavu panchayath take action against convicts who dumped waste in cheliya