സ്വന്തമായി ഒരു ബിസിനസ് ആണോ സ്വപ്നം? സർക്കാരിന്റെ നാനോ ഹൗസ്‌ ഹോൾഡ് യൂണിറ്റുകളെ കുറിച്ച് കൂടുതൽ അറിയാം


തിരുവനന്തപുരം: സ്വന്തമായി സംരംഭം തുടങ്ങാൻ ആ​ഗ്രഹിക്കുന്നവരാണോ? സ്വന്തം വീടിനോട് ചേർന്ന് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സർക്കാരിന്റെ നാനോ ഹൗസ്‌ ഹോൾഡ് യൂണിറ്റ് പദ്ധതിയുണ്ട്. സംസ്ഥാന സർക്കാർ കേരളത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കേരളത്തെ നൂതന വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുന്നതിനുമായി കൊണ്ടുവന്നതാണ് നാനോ ഹൗസ് ഹോൾഡ് യൂണിറ്റുകൾ.

10 ലക്ഷം രൂപക്ക് താഴെ മൂലധനം നിക്ഷേപം ഉള്ള, നിർമാണ, സേവന മേഖലയിൽ പ്രവർത്തിക്കുന്ന, മലിനീകരണ നിയന്ത്രണ ബോർഡ് വെെറ്റ്/ ​ഗ്രീൻ കാറ്റഗറിയിൽ പെടുത്തിയിരിക്കുന്ന, 5hp ക്ക് താഴെ കണക്റ്റഡ് ലോഡ് ഉള്ള സംരംഭങ്ങളെ ആണ് നാനോ ഹൌസ് ഹോൾഡ് യൂണിറ്റ് ആയി പരിഗണിക്കുക. വൈദ്യുതി കണക്ഷന്റെ കാര്യത്തിൽ, നിലവിൽ വീടിനു ലഭിച്ച കണക്ഷൻ തന്നെ ഈ ആവശ്യത്തിനായി ഉപയോഗിക്കാവുന്നതാണ്. അതിന് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. അതായത് ഒരു വീട്ടിൽ നിലവിൽ 2KW കണക്ടഡ് ലോഡ ഉണ്ടെങ്കിൽ ആ വീട്ടുകാർക്ക് 3 kw വരെ ഉള്ള യൂണിറ്റ് തുടങ്ങുന്നതിന് സൗകര്യം ലഭിക്കും. നാനോ ഹൌസ് ഹോൾഡ് യൂണിറ്റ് തുടങ്ങുന്നതിനു 10 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. സംരംഭം തുടങ്ങി ആദ്യ മൂന്ന് വർഷത്തേക്കാണ് ഈ സഹായം ലഭിക്കുക.

പുതിയ സംരംഭകർക്ക് വീടിനോട് ചേർന്ന് തന്നെ ഒരു യൂണിറ്റ് തുടങ്ങാൻ സാധിക്കുമ്പോൾ, ചെറിയ മൂലധാനത്തിൽ സംരംഭം എന്ന ആശയം പ്രാവർത്തികമാക്കാൻ സാധിക്കും. 150 യൂണിറ്റ് ദ്വൈമാസ ഉപയോഗം ഉള്ള ഒരു ഗാർഹിക ഉപഭോക്താവ് 3 kw കണക്റ്റഡ് ലോഡും 150 യൂണിറ്റ് ദ്വൈമാസ ഉപയോഗം ഉള്ള ഒരു വ്യവസായിക യൂണിറ്റ് തുടങ്ങിയാൽ അദ്ദേഹത്തിന് ഗാർഹിക, വ്യവസായിക ആവശ്യത്തിന് വരുന്ന ആകെ ദ്വൈമാസ ബിൽ 1930 രൂപ ആയിരിക്കും. എന്നാൽ നാനോ ഹൗസ്ഹോൾഡ് യൂണിറ്റ് ആയി തുടങ്ങിയാൽ അദ്ദേഹത്തിന് വരുന്ന ആകെ ബിൽ 1605 രൂപ ആയിരിക്കും. അതോടൊപ്പം അദ്ദേഹത്തിന് ഒരു പുതിയ കണക്ഷനു വേണ്ടിവരുന്ന പണവും സമയവും ലാഭിക്കാനും സാധിക്കും.

Description: Know more about Nano House Hold Units of Govt