‘ട്രെയിന്‍ വരുന്നത് കണ്ടതോടെ ഒന്നും നോക്കിയില്ല കയ്യിലുണ്ടായിരുന്ന ബാഗും ഫോണും വലിച്ചെറിഞ്ഞ് ട്രാക്കിലിറങ്ങി മൂന്ന് പേരെയും ഇരുവശങ്ങളിലേയ്ക്കും പെട്ടെന്ന് വലിച്ച് മാറ്റി’; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍പ്പെട്ട പിഞ്ചു കുഞ്ഞടക്കം മൂന്ന് സ്ത്രീകളെ ജീവിതത്തിലേയ്ക്ക് പിടിച്ചുകയറ്റി നടുവണ്ണൂര്‍ സ്വദേശിയായ വിജിലന്‍സ് ഉദ്യോഗസ്ഥന്‍


കൊയിലാണ്ടി: ‘ട്രെയിന്‍ വരുന്നത് കണ്ടതോടെ ഞാന്‍ പിന്നെ ഒന്നും നോക്കിയില്ല കയ്യിലുണ്ടായിരുന്ന ബാഗും ഫോണും സൈഡിലേ്ക്ക് വലിച്ചെറിഞ്ഞ് ട്രാക്കിലിറങ്ങി മൂന്ന് സ്ത്രീകളെ ഇരുവശങ്ങളിലേയ്ക്കും പെട്ടെന്ന് വലിച്ച് മാറ്റി’. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ചുകടക്കവെ ട്രെയിനിനു മുന്‍പില്‍ നിസ്സഹായരായി കുടുങ്ങി നിന്ന മൂന്ന് സ്ത്രീകളെയും പിഞ്ചു കുഞ്ഞിനെയും രക്ഷിച്ച നടുവണ്ണൂര്‍ സ്വദേശിയായ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ മുനീറിന്റെ വാക്കുകള്‍ ഇങ്ങനെ.

ഇന്നലെ രാവിലെയോടെയാണ് സംഭവം. 10 മണിക്കുള്ള എഗ്മോര്‍ എക്‌സ്പ്രസ്സിന് മുന്‍പിലാണ് എന്തുചെയ്യണമന്നറിയാതെ 3 സ്ത്രീകളും ഒരു കുഞ്ഞുമടക്കം പെടുന്നത്. ഒന്നാം പ്ലാറ്റ്‌ഫോര്‍മില്‍ നിന്നും എക്‌മോര്‍ എക്‌സപ്രസില്‍ കയറുവാനായി രണ്ടാം പ്ലാറ്റ്‌ഫോമിലേയ്ക്ക് ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു മൂന്ന് പേരും. കൂടെ ഉണ്ടായിരുന്ന അല്പം പ്രായമുള്ള ഒരു സ്ത്രീയ്ക്ക് ട്രാക്ക് മുറിച്ചുകടക്കാന്‍ പ്രയാസപ്പെട്ടതോടെ മറ്റ് രണ്ട് സ്ത്രീകളും ട്രാക്കില്‍ തന്നെ കുടുങ്ങിപ്പോവുകയായിരുന്നു.

അപ്പോഴേക്കും എക്‌മോര്‍ ട്രെയിനും അടുത്തെത്താനായിരുന്നു. എങ്ങോട്ട് പോകണമെന്നറിയാതെ ട്രാക്കില്‍ നില്‍ക്കുകയായിരുന്ന സ്ത്രീകളെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ എക്‌മോര്‍ എക്‌സ്പ്രസിന് കാത്തുനില്‍ക്കുകയായിരുന്ന മുനീര്‍ ചാടിയിറങ്ങി രക്ഷിക്കുകയായിരുന്നു. ട്രെയിന്‍ വരുന്നത് കണ്ടതോടെ ഞാന്‍ പിന്നെ ഒന്നും നോക്കിയില്ല കയ്യിലുണ്ടായിരുന്ന ബാഗും ഫോണും സൈഡിലേ്ക്ക് വലിച്ചെറിഞ്ഞ് മൂന്ന് സ്ത്രീകളെ ഇരുവശങ്ങളിലേയ്ക്കും പെട്ടെന്ന് വലിച്ച് മാറ്റി. സമീപത്ത് ഉണ്ടായിരുന്ന ആളുകളെല്ലാം സൈഡിലേയ്ക്ക് മാറ് മാറ് എന്ന് പറയുന്നുണ്ടായിരുന്നു. ഏത് ഭാഗത്തേയ്ക്ക് മാറണമെന്ന് ആശങ്കയിലായിരുന്നു അവര്‍ ഉണ്ടായിരുന്നത്. ഉടനെ താന്‍ മറ്റൊന്നും നോക്കാതെ ചാടി മൂന്ന് പേരെയും രക്ഷിക്കുകയായിരുന്നെന്ന് മുനീര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ആ സമയത്ത് സ്വന്തം ജീവനൊന്നും താന്‍ നോക്കിയില്ലെന്നും നാല് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണെന്നും മുനീര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ,കോഴിക്കോട് വിജിലന്‍സ് യൂണിറ്റില്‍ സബ്ബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന മുനീര്‍. ജോലി ആവശ്യത്തിനായി കോഴിക്കോട് പോകാനിരിക്കെയാണ് ഈ സംഭവം.