ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കത്തി വച്ച് വീടിനു മുകളിൽ അച്ഛൻ; മലപ്പുറത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അഞ്ചര മണിക്കൂറുകൾ
മലപ്പുറം: മലപ്പുറത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അച്ഛന്റെ പരാക്രമങ്ങൾ. ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ കത്തിവെച്ച് പിതാവ് ഇരുനില വീടിന് മുകളിൽ നിലയുറപ്പിച്ചത് അഞ്ചരമണിക്കൂർ. കോട്ടയ്ക്കൽ ചങ്കുവെട്ടിയിലാണ് കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണി മുഴക്കിയാണ്
ഇയാൾ നാടിനെയാകെ മുൾമുനയിലാക്കിയത്.
ഒടുവിൽ ഭാര്യാപിതാവ് അനുനയിപ്പിച്ച് കുഞ്ഞിനെ വാങ്ങിയതോടെയാണ് മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമമായത്. പിന്നാലെ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് ഇയാളെ താഴയിറക്കുകയായിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ പിന്നീട് വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് യുവാവ് ആറുമാസം പ്രായമുള്ള മകനുമായി ഇരുനില വീടിന്റെ മുകളിൽ കയറിയത്. ഇയാൾ കുഞ്ഞിന്റെ കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും എത്ര പറഞ്ഞിട്ടും താഴെയിറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയെങ്കിലും ഫലംകണ്ടില്ല.
പിന്നീട് യുവാവിന്റെ ഭാര്യാപിതാവും യുവാവിനെ അനുനയിപ്പിക്കാനായി വീടിന് മുകളിൽ കയറി. ഇദ്ദേഹം കുഞ്ഞിനെ കൈമാറാൻ ആവശ്യപ്പെട്ടു. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് യുവാവ് തന്നെ ഭാര്യാപിതാവിന് കുഞ്ഞിനെ കൈമാറുകയായിരുന്നു. കുഞ്ഞിന്റെ ജീവൻ സുരക്ഷിതമായതോടെ ഉച്ചയ്ക്ക് 12.30-ഓടെ പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും വീടിന് മുകളിൽ കയറി യുവാവിനെ കീഴടക്കിയത്.
അഞ്ചരമണിക്കൂറോളം ആഹാരം ലഭിക്കാതെ അവശനായ കുഞ്ഞിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിനെ പിന്നീട് വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ഇയാൾ പരസ്പരബന്ധമില്ലാതെ സംസാരിച്ചിരുന്നതായും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായുമാണ് വിവരം.