കൊയിലാണ്ടിയില്‍ വച്ചുണ്ടായ വാഹനാപകടം; മരണപ്പെട്ട ചേമഞ്ചേരി സ്വദേശിയുടെ കുടുംബത്തിന് ഒന്നരക്കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി
ചേമഞ്ചേരി: വാഹനാപകടത്തില്‍ മരണപ്പെട്ട ചേമഞ്ചേരി സ്വദേശിയുടെ കുടുംബത്തിന് ഒന്നരക്കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. പൂക്കാട് ചാലാടത്ത്കുനി മുഹമ്മദ് എന്നയാളുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. വടകര വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ കോടതിയുടേതാണ് വിധി.
2021 ജൂണ്‍ 24ന് കൊയിലാണ്ടിയില്‍ വച്ചുണ്ടായ അപകടത്തിലാണ് മുഹമ്മദ് മരിക്കുന്നത്. ഭാര്യയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ മുഹമ്മദ് മരിച്ചു. അപകടത്തില്‍ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു. വിദേശത്ത് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മുഹമ്മദ്.
1,16,16,060 (ഒരു കോടി പതിനാറ് ലക്ഷത്തി പതിനാറായിരത്തി അറുപത് രൂപ) രൂപയും 2021 ഡിസംബര്‍ 31 മുതലുള്ള 8% പലിശയും കോടതി ചിലവും സഹിതം കാര്‍ ഇന്‍ഷൂര്‍ ചെയ്ത ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടതാണ്. ജഡ്ജ് ജി പ്രദീപ് ആണ് വിധി പ്രസ്താവിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ബാബു പി, ബെനഡിക്ട്, പി.പി ലിനീഷ് എന്നിവര്‍ ഹാജരായി.
Description: Court verdict to pay compensation of more than one and a half crore rupees to the family of Chemanchery native