പേരാമ്പ്ര പോലീസ് സ്റ്റേഷൻ വിദ്യാർത്ഥികളുടെ കസ്റ്റഡിയിൽ; പാറാവ് , ജി ഡി ചുമതല ഫ്രണ്ട് ഓഫീസ് വരെ കുഞ്ഞു കാക്കി ധാരികൾ കൈയ്യടക്കി


പേരാമ്പ്ര : പേരാമ്പ്ര പോലീസ് സ്റ്റേഷൻ ഭരണം തങ്ങളുടെ കൈകളിൽ ഭദ്രമാക്കി വിദ്യാർത്ഥികൾ. പാറാവ് , വയർലൈൻസ്, ജി ഡി ചുമതല ഒപ്പം ഫ്രണ്ട് ഓഫീസ് വരെ കുഞ്ഞു കാക്കി ധാരികൾ കൈയ്യടക്കി. സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി സ്റ്റേഷൻ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനായാണ് വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ 89 എസ് പി സി കേഡറ്റുകൾ പേരാമ്പ്ര സ്റ്റേഷനിലെത്തിയത്.

സ്റ്റേഷൻ പ്രവർത്തനങ്ങൾ, എഫ് ഐ ആർ തയ്യാറാക്കൽ, സൈബർ സെക്യൂരിറ്റി , സെൽ ഓഫ് ആംസ് , ലോക്കപ്പ്, ഫയൽ റൂം , സ്മാർട്ട് സ്റ്റോറേജ് റൂം , ഇൻവെസ്റ്റിഗേഷൻ റൂം , ടെലികമ്യൂണിക്കേഷൻ എന്നിവ സംബന്ധിച്ച് ക്ലാസ് നടന്നു. സബ്ബ് ഇൻസ്പെക്ടർമാരായ പി ഷബീർ, എം കുഞ്ഞമ്മത് , പി ആർ ഒ ചന്ദ്രൻ കീർത്തനം , രതീഷ് നിരവത്ത്, ടി കെ റിയാസ്, പി എം സുധീഷ്കുമാർ, ബിനില ദിനേഷ് , സുരേഷ്കുമാർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

സ്ഫോടകവസ്തുക്കൾ കണ്ടെത്തൽ, മയക്കുമരുന്ന്, തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവക്കായി പരിശീലനം ലഭിച്ച ഡോഗ് സ്കോഡിനെ പരിചയപ്പെടുത്തി. ട്രയിനർമാരായ പ്രവീൺകുമാർ, സാബു സ്കറിയ, പി ടി പ്രദീഷ്, ഒ വി മണി എന്നിവർ നേതൃത്വം നൽകി. സബ് ഡിവിഷണൽ ഡി വൈ എസ് പി ലതീഷ് വി വി, സ്റ്റേഷൻ ഹൗസ് ഓഫീസർ പി ജംഷീദ്, എന്നിവർ കേഡറ്റുകളുമായി സംവദിച്ചു. അദ്ധ്യപകരായ കെ പി മുരളി കൃഷ്ണ ദാസ്, എസ് അനുവിന്ദ്, ഷിജി ബാബു എന്നിവർക്കൊപ്പം രക്ഷിതാക്കളും സ്റ്റേഷൻ സന്ദർശനത്തിന് എത്തിയിരുന്നു.