സബ്ജില്ല കലോത്സവത്തിനു മുന്നോടിയായ ചുവരെഴുത്തിൽ തർക്കം; പേരാമ്പ്രയിൽ സിപിഎം – കോൺഗ്രസ് സംഘർഷത്തിൽ എട്ട് പ്രവർത്തകർക്ക് പരിക്ക്


പേരാമ്പ്ര: പേരാമ്പ്ര വെള്ളിയൂരിൽ സബ് ജില്ല കലോത്സവത്തിന് മുന്നോടിയായി റോഡിൽ എഴുതുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് – സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്നലെ രാത്രി 8.30നാണ് സംഭവങ്ങളുടെ തുടക്കം. സബ്ജില്ലാ കലോത്സവമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ റോഡിൽ എഴുതിയതിന് മുകളിൽ കെ.എസ്.യു പ്രവർത്തകർ മഷി ഒഴിച്ചു എന്ന് ആരോപിച്ചാണ് സംഘർഷം തുടങ്ങിയത്.

എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിൽ ഉന്തിലും തള്ളിലും ആരംഭിച്ച സംഘർഷം തുടർന്ന് കോൺഗ്രസും സിപിഎം ഏറ്റെടുക്കുകയായിരുന്നു. രാത്രി 10.30 ന് നടന്ന സംഘർഷത്തിൽ ഇരു ഭാഗത്തുമായി എട്ടോളം പ്രവർത്തകർക്ക് പരിക്കെറ്റു.

പരുക്കേറ്റ കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരായ ഇ.ടി.ഹമീദ്, വി.പി.നസീർ, വെള്ളിലോട്ട് ജസിൻ, അനന്ത പത്മനാഭൻ, എം.കെ.ആഷിഖ്, പി.അസ്ബിൻഷാ, എസ്എഫ്ഐ പ്രവർത്തകരായ അഭിജാത് , വിഷ്‌ണു ജഗത് എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പേരാമ്പ്ര പൊലീസ് ക്യാമ്പ് ചെയ്യുന്നു. പേരാമ്പ്ര ഡിവൈഎസ്‌പി പ്രശ്ന പരിഹാരത്തിനായി ഇന്ന് കാലത്ത് ഇരു വിഭാഗങ്ങളെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്.

Summary: Controversy over graffiti ahead of Subdistrict Arts Festival; Eight workers injured in CPM-Congress clash in Perampra