വടകര കേളു ബസാറില്‍ പാചകവാതകം നിറച്ചു വരികയായിരുന്ന ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
വടകര: ദേശീയപാതയില്‍ കേളു ബസാറില്‍ ടാങ്കര്‍ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. മംഗലാപുരത്ത് നിന്ന് പാചകവാതകം നിറച്ച് വരികയായിരുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പാചകവാതക ടാങ്കറാണ് അപകടത്തില്‍ പെട്ടത്. പാചകവാതകം ചോരാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
കൂട്ടിയിടിയില്‍ രണ്ട് ലോറികളുടെയും മുന്‍ഭാഗം തകര്‍ന്നു. ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം കുഴിച്ചുനീക്കിയിരുന്നു. ലോറികള്‍ മറിയാത്തതും വലിയ ദുരന്തം ഒഴിവാക്കി.
ഇരു ലോറികളും ക്രയിന്‍ ഉപയോഗിച്ച് മാറ്റിയെങ്കിലും ഉച്ചവരെ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് ഉണ്ടായി. വടകരയില്‍ നിന്ന് അഗ്നിരക്ഷാ സേനയും ചോമ്പാല പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
ടാങ്കര്‍ലോറിയുടെ കാബിന് വേര്‍പെടുത്തി സ്ഥലത്തുനിന്ന് മാറ്റി. ദേശീയപാതയില്‍ ടാങ്കറുകള്‍ അപകടത്തില്‍പെടുന്നത് സ്ഥിരം കാഴ്ചയാവുന്ന സ്ഥിതിയാണുള്ളത്. ദേശീയപാതയില്‍ അടുത്തിടെ ടാങ്കര്‍ലോറികള്‍ കൂട്ടിയിടിച്ച് രണ്ട് അപകടങ്ങളാണ് ഉണ്ടായത്. രണ്ട് സംഭവങ്ങളിലും വന്‍ദുരന്തമാണ് ഒഴിവായത്.