വ്യത്യസ്ത മതത്തില്‍ പെട്ടവരുടെ വിവാഹത്തില്‍ അസ്വാഭാവികത കാണേണ്ട, ജോര്‍ജ് എം. തോമസിന് പിശക് പറ്റി; ലൗ ജിഹാദ് ആര്‍.എസ്.എസ്സിന്റെ സൃഷ്ടിയെന്നും സി.പി.എം ജില്ലാ സെക്രട്ടറി
കോഴിക്കോട്: കോടഞ്ചേരിയില്‍ വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ വിവാഹിതരായതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍. ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി അംഗം എം.എസ്.ഷിജിനും തെയ്യപ്പാറ സ്വദേശിനി ജോസ്നയും വിവാഹിതരായതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ഇവരുടെ വിവാഹത്തില്‍ അസ്വാഭാവികത കാണേണ്ടതില്ലെന്ന് പി.മോഹനന്‍ പറഞ്ഞു.
‘പ്രായപൂര്‍ത്തിയായവര്‍ക്ക് ഏത് മതവിഭാഗത്തില്‍നിന്നും വിവാഹം കഴിക്കാന്‍ രാജ്യത്തെ നിയമവ്യവസ്ഥ അനുവാദം നല്‍കുന്നുണ്ട്. വിവാഹം അവരുടെ വ്യക്തിപരമായ കാര്യമാണ്. അത് പാര്‍ട്ടിയെ നേരിട്ട് ബാധിക്കുന്ന കാര്യമല്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടിറങ്ങിയത് എന്ന് പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതോടെ ഈ വിഷയം അടഞ്ഞു.’ -പി.മോഹനന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ചിലര്‍ ആ പ്രദേശത്ത് പ്രചരണം നടത്തി. ഇതര മതസ്ഥര്‍ തമ്മിലുള്ള സ്പര്‍ധയ്ക്ക് ഇത് വഴിവച്ചു. ഇതില്‍ ശക്തമായ നിലപാട് പാര്‍ട്ടി സ്വീകരിക്കും. അത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കാനാണ് വിശദീകരണയോഗമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോര്‍ജ് എം തോമസ് നടത്തിയ പരാമാര്‍ശങ്ങളില്‍ പിശക് പറ്റി. ഇതിനകത്ത് ലൗ ജിഹാദ് ഒന്നും ഉള്‍പ്പെട്ടിട്ടല്ല. ലൗ ജിഹാദ് എന്നത് ആര്‍.എസ്.എസും സംഘപരിവാറുമെല്ലാം രാജ്യത്തെ മതന്യൂനപക്ഷങ്ങളെ വേട്ടയാടാനും ആക്രമിക്കാനും കൊണ്ടുവരുന്ന പ്രയോഗങ്ങളാണ്. ജോര്‍ജ് എം തോമസിന്റെ ചില പരാമര്‍ശങ്ങളില്‍ പിശക് വന്നതായി പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിനും അത് ബോധ്യപ്പെട്ടിട്ടുണ്ട്. അത് പാര്‍ട്ടിയെ അറിയിച്ചു. ലവ് ജിഹാദ് ആര്‍.എസ്.എസ് സൃഷ്ടിയാണെന്ന നിലപാട് സി.പി.എം നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും പി.മോഹനന്‍ പറഞ്ഞു.