ബാലുശ്ശേരി, വെള്ളയില്‍ പോലുള്ള സ്ഥലങ്ങളില്‍ നിന്നും ചില്ലറ വില്‍പ്പനയ്ക്കായി ലഹരി വസ്തുക്കള്‍ കൊയിലാണ്ടിയിലെത്തിക്കുന്നു, ഏജന്റുമാര്‍ ലക്ഷ്യമിടുന്നത് ചെറുപ്പക്കാരെ; കുറുവങ്ങാട്ടെ ബൈക്കപകടത്തോടെ കൊയിലാണ്ടിയിലെ ലഹരി സംഘങ്ങള്‍ക്ക് തടയിടണമെന്ന ആവശ്യം ശക്തമാകുന്നു
കൊയിലാണ്ടി: ഒരിടവേളയ്ക്കുശേഷം കൊയിലാണ്ടി നഗരത്തില്‍ ലഹരി മാഫിയ വീണ്ടും സജീവമാകുന്നു. കഴിഞ്ഞദിവസം ലഹരി ഉപയോഗിച്ച് വാഹനമോടിച്ച സംഘം കൊയിലാണ്ടിയില്‍ ബൈക്ക് യാത്രികനായ വിദ്യാര്‍ഥിയെ ഇടിച്ച സംഭവത്തോടെ കൊയിലാണ്ടി കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. കുറുവങ്ങാടുണ്ടായ അപകടത്തില്‍ കണയങ്കോടുള്ള ബിരുദ വിദ്യാര്‍ഥിക്ക് ഗുരുതരമായിപരിക്കേറ്റിരുന്നു.
വിദ്യാര്‍ത്ഥി ബൈക്കില്‍ പോകവെ അതേ ദിശയില്‍ മൂന്നുപേരുമായി അമിതവേഗത്തില്‍ വന്ന സ്‌കൂട്ടി വിദ്യാർഥി സഞ്ചരിച്ച ബൈക്കിന് പുറകില്‍ തെറിപ്പിക്കുകയായിരുന്നു. ആഷിക്ക്, ഷാജഹാന്‍, മന്‍സൂര്‍ എന്നിവരായിരുന്നു സ്‌കൂട്ടിയിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കുപറ്റിയ മന്‍സൂര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റോഡരികില്‍ വീഴുകയായിരുന്നു. മറ്റുരണ്ടുപേർ അപകടം നടന്ന സ്ഥലത്തുവെച്ച് പരസ്പരം വാക്കുതർക്കത്തിലേർപ്പെട്ട് തമ്മിലടിച്ചതോടെ നാട്ടുകാർ് ഇടപെട്ട് പൊലീസില് വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും ലഹരി വില്‍പ്പനക്കാരായതിനാല്‍ സംശയം തോന്നി പരിശോധിക്കുകയും ചെയ്തപ്പോള്‍ ഒരാളുടെ പക്കല്‍ നിന്നും ഹാഷിഷ് ഓയില്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു. യുവാക്കള്‍ ഉപയോഗിച്ചശേഷമുള്ളതാണിതെന്നാണ് പൊലീസ് പറയുന്നത്.
മന്‍സൂറും ഷാജഹാനും ലഹരി വിതരണം ചെയ്തതിന്റെ പേരില്‍ നേരത്തെയും പലതവണ പൊലീസ് പിടിയിലായിട്ടുണ്ട്. ഇവരടക്കമുള്ള ഏജന്റുകളാണ് കൊയിലാണ്ടി കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്നത്. ബംഗളുരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് എം.ഡി.എം.എ പോലുള്ള ലഹരി വസ്തുക്കള്‍ കേരളത്തിലെത്തുന്നത്. ബാലുശ്ശേരി, കോഴിക്കോട് വെള്ളയില്‍ പോലുള്ള സ്ഥലങ്ങളിലെത്തി മൊത്ത വില്‍പ്പനക്കാരില്‍ നിന്നും കുറഞ്ഞ ലഹരി വസ്തുക്കള്‍ ഈ ഏജന്റുകള്‍ വാങ്ങുകയാണ് ചെയ്യുന്നത്. ഇവര്‍ ഉപയോഗിക്കുകയും ബാക്കിയുള്ളത് വില്‍പ്പന നടത്തുകയും ചെയ്യുന്നതാണ് പൊതുവിലെ രീതിയെന്നാണ് പൊലീസ് പറയുന്നത്.
കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിന് പിന്‍ഭാഗത്തുള്ള പണി പൂര്‍ത്തിയാകാത്ത കെട്ടിടം, റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് അടിഭാഗം, റെയില്‍വേ സ്റ്റേഷന് അരികില്‍ മുത്താമ്പി റോഡിന് സമീപത്തുള്ള ഭാഗം, ആളൊഴിഞ്ഞ കെട്ടിടങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കൊയിലാണ്ടിയില്‍ പ്രധാനമായും ലഹരി സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നത്. കൊയിലാണ്ടിയില്‍ ഏജന്റുകള്‍ മുഖേന ചില്ലറ വില്‍പ്പനയാണ് നടക്കുന്നത് എന്നതുകൊണ്ടുതന്നെ പൊലീസിന്റെയോ എക്‌സൈസിന്റെയോ പിടിയിലായാലും ഇവരെ റിമാന്‍ഡ് ചെയ്യാന്‍ കഴിയാതെ വരുന്നു. പിടിക്കപ്പെട്ടത് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ ഇവര്‍ വീണ്ടും ഈ രംഗത്ത് സജീവമാകുകയാണ് ചെയ്യുന്നത്. പല യുവാക്കളും ഉപജീവനവഴിയെന്ന തരത്തിലേക്ക് ലഹരിവില്‍പ്പനയെ കാണുന്ന അവസ്ഥയുമുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ലഹരി അമിതമായി ഉപയോഗിച്ചതിനാല്‍ കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമുണ്ടായിരുന്നു. സമീപത്ത് ലഹരി ഉപയോഗിച്ച് അബോധാവസ്ഥയില്‍ സുഹൃത്തുമുണ്ടായിരുന്നു. കൊയിലാണ്ടിയെ ഒന്നാകെ ഞെട്ടിച്ച ഈ സംഭവത്തെ തുടര്‍ന്ന് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന് പുറമേ ലഹരി ഉപയോഗിച്ച് അബോധാവസ്ഥയില്‍ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ചെറുപ്പക്കാരായ യുവാക്കളെ കണ്ടെത്തിയ മറ്റുസംഭവങ്ങളുമുണ്ട്. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നാലെ പൊലീസിന്റെയും എക്സൈസിന്റെയും വിവിധ സ്ക്വാഡുകളുടെ നിരീക്ഷണം ശക്തമാക്കിയതോടെ കൊയിലാണ്ടി കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പ്പനയില്‍ കുറവുമുണ്ടായിരുന്നു. എന്നാല്‍ ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ലഹരി സംഘങ്ങള്‍ സജീവമായിരിക്കുകയാണ്.
ചെറുപ്പക്കാരായ യുവാക്കളാണ് ലഹരി വിതരണം ചെയ്യുന്നതില്‍ വലിയൊരു വിഭാഗം. ഇവര്‍ വിദ്യാര്‍ഥികളടക്കമുള്ളവരെ വലയിലാക്കുമെന്ന ആശങ്ക രക്ഷിതാക്കള്‍ക്കിടയില്‍ ശക്തമാണ്. പരിശോധന ശക്തമാക്കിയതോടെ ഇവര്‍ രഹസ്യമായി പ്രവര്‍ത്തിച്ചുവരികയാണ്. രഹസ്യമായി വിവരങ്ങള്‍ നല്‍കാനും ലഹരി സംഘത്തിന് പ്രത്യേകം ആളുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പലതും യാദൃശ്ചികമായാണ് പിടിക്കപ്പെടുന്നത്. നാട്ടുകാർക്കും വൈകുന്നേരം ജോലി കഴിഞ്ഞ് പോകുന്ന സ്ത്രീകളടക്കമുള്ള യാത്രികർക്കും ഈ ലഹരിസംഘങ്ങള്‍ വലിയ തോതില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ നിന്നും ലഹരിമാഫിയയെ പൂർണമായി തുടച്ചുമാറ്റാനുള്ള നടപടികളുണ്ടാവണമെന്നാണ് യുവജന സംഘടനകളടക്കം ആവശ്യപ്പെടുന്നത്.