മേപ്പയ്യൂരില്‍ കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ ജില്ലാ കമ്മിറ്റി യോഗം
മേപ്പയ്യൂര്‍: കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം യോഗം ചേര്‍ന്നു. മേപ്പയൂര്‍ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന യോഗം മുതിര്‍ന്ന അംഗം പൂതേരി ദാമോദരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് തലം മുതല്‍ ജില്ലാ തലം വരെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് കാര്യങ്ങളെപ്പറ്റിയും അതിന് നടത്തേണ്ട മുന്നൊരുക്കങ്ങളെപ്പറ്റിയും യോഗം വിശദീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.വി ബാലന്‍ കുറുപ്പിനേയും, സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ടി.ബാലകൃഷ്ണനേയും, തെരഞ്ഞെടുക്കപ്പെട്ട മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. രാമചന്ദ്രന്‍ നായര്‍, സി. രാധാകൃഷ്ണന്‍, സോമന്‍ ചാലില്‍, ബാലന്‍ കേളോത്ത് എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു.
ഇരുപതിലധികം അംഗങ്ങള്‍ തങ്ങളുടെ ചുമതലയിലുള്ള യൂണിറ്റ് കാര്യങ്ങളും, തങ്ങളുടെ യൂണിറ്റിലെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിശദീകരിച്ചു. യൂണിറ്റ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി 30-ലധികം പേര്‍ക്ക് ചുമതല നല്‍കി.
മെയ് 15 നുള്ളില്‍ എല്ലാ യൂണിറ്റുകളിലും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനും, തെരഞ്ഞെടുപ്പ് നടത്താനും, മെയ് മാസത്തില്‍ തന്നെ പുതിയ ജില്ലാ കൗണ്‍സില്‍ യോഗം ചേരാനും തീരുമാനിച്ചു. സാക്ഷര കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വയോജന പീഢനങ്ങളിലും, സ്ത്രീ പീഢനങ്ങളിലും യോഗം ഉല്‍ക്കണ്ഠ രേഖപ്പെടുത്തി.