എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി.ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല


കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് വിധി പറഞ്ഞത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യക്കെതിരെ കേസെടുത്തത്. കേസില്‍ ദിവ്യ മാത്രമാണ് പ്രതി.

അതേസമയം, ഒളിവില്‍ കഴിയുന്ന ദിവ്യ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സതേടിയെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയതെന്നാണ് അറിയുന്നത്.

എഡിഎം നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് യാത്രയയപ്പ് യോഗത്തിലെ പിപി ദിവ്യയുടെ അധിക്ഷേപങ്ങളാണെന്നാണ് ദിവ്യക്കെതിരായ കേസ്. ദിവ്യക്കെതിരെ ചുമത്തിയ പ്രേരണാകുറ്റം ശരിവെക്കുന്ന മൊഴികളാണ് പൊലീസിനും ലഭിച്ചിരുന്നത് യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ല. സംഘാടകരായ സ്റ്റാഫ് കൗണ്‍സിലും ജില്ലാ കളക്ടറും ഇക്കാര്യം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കളക്ടറേറ്റിലെ യോഗത്തില്‍ ദിവ്യ എ.ഡി.എമ്മിനെതിരെ ആരോപണമുന്നയിക്കാന്‍ ലക്ഷ്യമിട്ട് എത്തിയതെന്ന് ആരും കരുതിയില്ല. അതുവരെ പ്രസന്നമായിരുന്ന സദസ്സ് ദിവ്യയുടെ പ്രസംഗത്തിന് ശേഷം മൂകമായെന്നാണ് സ്റ്റാഫിന്റെ മൊഴി. ആസൂത്രിതമായി എഡിഎമ്മിനെ അപമാനിക്കാന്‍ ഉന്നമിട്ടാണ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ കൂടിയായിരുന്ന ദിവ്യ, ആ അധികാരം ഉപയോഗിച്ച് എത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

Summary: naveen babu death case no anticipatory bail for cpm leader pp divya