അധ്യാപക സമരം കാരണം അഞ്ഞൂറ് പേര്‍ തോറ്റു; പ്രിന്‍സിപ്പാളിനെ ഓഫീസില്‍ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികള്‍


മുക്കം: അധ്യാപകരുടെ സമരം മൂലം പരീക്ഷ മുടങ്ങി, 500 വിദ്യാർഥികൾ തോറ്റതിനെ തുടർന്ന് മുക്കം കെ.എം.സി.ടി പോളിടെക്നിക് കോളജിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. വിദ്യാർത്ഥികൾ അനിശ്ചിതകാലത്തേക്ക് സമരം തുടങ്ങി. വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെയും അധ്യാപകരെയും ഓഫീസുകളിൽ പൂട്ടിയിട്ടു.

സപ്ലിമെന്ററി പരീക്ഷ എഴുതില്ലെന്നും റീ ടെസ്റ്റ് നടത്തണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. സപ്ലിമെന്ററി പരീക്ഷ എഴുതുന്നത് തുടർ വിദ്യാഭ്യാസത്തേയും ജോലിയേയും ബാധിക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.

അധ്യാപകർ കഴിഞ്ഞ ജനുവരിയിൽ നടത്തിയ സമരം മൂലമാണു വിദ്യാർഥികൾക്കു പരീക്ഷയെഴുതാൻ കഴിയാതെ വന്നത്. പരീക്ഷാഡ്യൂട്ടി ബഹിഷ്കരിച്ചായിരുന്നു അധ്യാപകരുടെ സമരം. അതിനെ തുടർന്ന് ഒന്നാം വർഷ വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷ മുടങ്ങി.

 

അധ്യാപകസമരം ഒത്തുതീർപ്പായതോടെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ അവസരം നൽകുമെന്നും ആരും തോൽക്കില്ലെന്നും കോളജ് അധികൃതർ ഇറപ്പ് നൽകിയിരുന്നു. എന്നാൽ പരീക്ഷാഫലം വന്നപ്പോൾ 500 കുട്ടികൾ തോറ്റു. ഇതേതുടർന്നാണ് വിദ്യാർത്ഥികൾ അനിശ്ചിത കാല സമരവുമായി രംഗത്തെത്തിയത്. വാക്കുപാലിക്കാതെ മാനേജ്മെന്റ് ചതിച്ചെന്നാണു വിദ്യാർഥികളുടെ ആരോപണം.