നാദാപുരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പതിനാറുകാരന് പരുക്ക്


നാദാപുരം: സ്ഫോടക വസ്തു പൊട്ടി തെറിച്ച് പതിനാറുകാരന് പരിക്ക്. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഷോര്‍ദാര്‍ ഇബ്രാഹിമിനാണ് പരിക്കേറ്റത്. ബന്ധുവിനൊപ്പം പുഴയില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു ഈ പതിനാറുകാരൻ.

പെരിങ്ങത്തൂര്‍ കായപ്പനച്ചിയില്‍ ഇന്നലെ രാവിലെയാണ് സംഭവം. ഇടത് കൈപ്പത്തിക്കും ചുണ്ടുകള്‍ക്കും വലത് കണ്ണിനും പരിക്കേറ്റ കുട്ടിയെ തലശ്ശേരി ഗവ ആശുപത്രിയിലെ പ്രാഥമികചികിത്സയ്ക്കുശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പെരിങ്ങത്തൂര്‍ പുഴയോരത്ത് ചൊക്ലി സ്വദേശിയുടെ ആള്‍ത്താമസമില്ലാത്ത പറമ്പിലാണ് സ്ഫോടനം നടന്നത്. പെരിങ്ങത്തൂര്‍ ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന ജഹാംഗീര്‍ സര്‍ദ്ദാമിന്റെ മകനാണ് ഇബ്രാഹിം. തെങ്ങിന്‍ തോപ്പില്‍ കണ്ട അജ്ഞാത വസ്തു എറിഞ്ഞപ്പോഴാണ് അപകടം. നാട്ടുകാരും ബന്ധുവും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

സ്ഫോടനത്തില്‍ പറമ്പിലെ മണ്ണ് ഇളകുകയും ചപ്പ് ചവറുകള്‍ ചിന്നി ചിതറുകയും ചെയ്തു. നാദാപുരം എസ്.ഐ ആര്‍.എന്‍.പ്രശാന്തിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തി. വെടിമരുന്നിന്റെ ഗന്ധമുള്ള ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.