കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കേണ്ട തീയതികളിൽ മാറ്റം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (11/04/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
24 പേർ കോവിഡ് പോസിറ്റീവ്
ജില്ലയിൽ ഇന്ന് 24 കോവിഡ് പോസിറ്റീവ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സമ്പർക്കം വഴി 22 പേർക്കും 2 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 822 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 14 പേർ കൂടി രോഗമുക്തി നേടി.
എസ്.ടി ഫീൽഡ്/ ഹെൽത്ത് പ്രൊമോട്ടർമാരുടെ കരാർ നിയമനം
പട്ടികവർഗ വികസന വകുപ്പിനു കീഴിലുള്ള എസ്.ടി ഫീൽഡ്/ ഹെൽത്ത് പ്രൊമോട്ടർമാരുടെ കരാർ നിയമനത്തിനായി നടത്തിയ എഴുത്തു പരീക്ഷയ്ക്കുശേഷം ചുരുക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് കൂടിക്കാഴ്ച നടത്തും. കോടഞ്ചേരി ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസിനു കീഴിലുളളവർക്ക് ഏപ്രിൽ 21നും പേരാമ്പ്ര ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസിനു കീഴിലുളളവർക്ക് ഏപ്രിൽ 22നും കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ കൂടിക്കാഴ്ച നടത്തും. വിവരങ്ങൾക്ക് ഫോൺ: 0495 2376364.
വിഷു ഈസ്റ്റർ റംസാൻ ഫെയർ
ഉത്സവകാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് അവശ്യസാധനങ്ങൾ ന്യായവിലയിൽ ലഭ്യമാക്കുന്നതിനായി സപ്ലൈകോ ഔട്ട്ലെറ്റുകൾ ഏപ്രിൽ 11 മുതൽ മെയ് മൂന്നുവരെ ഉത്സവകാല ഫെയറുകളായി പ്രവർത്തിക്കുന്നു. വിഷു-ഈസ്റ്റർ-റംസാൻ ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം ഏപ്രിൽ 14 രാവിലെ ഒൻപത് മണിക്ക് സപ്ലൈകോ കോവൂർ സൂപ്പർ മാർക്കറ്റിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അവർകൾ ഉദ്ഘാടനം ചെയ്യും. കോർപറേഷൻ മേയർ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷയാവും.
വിജ്ഞാപനം പുറപ്പെടുവിച്ചു
വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ മലപ്പുറം, ആലപ്പുഴ, വയനാട്, കാസർഗോഡ് ജില്ലകളിലെ ചൈൽഡ് വെൽഫയർ കമ്മിറ്റികളിലേക്കും വയനാട്, കാസർഗോഡ് ജില്ലകളിലെ ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലുമുള്ള ഒഴിവുകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം വനിതാ ശിശുവികസന വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ് (wcd.kerala.gov.in) 23നകം അപേക്ഷിക്കണം.
ശിശുവികാസ് ഭവനിൽ സോഷ്യൽ വർക്കർ ഒഴിവ്
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള കോഴിക്കോട് ശിശു വികാസ് ഭവനിൽ സോഷ്യൽ വർക്കർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി,ശിശു വികസനം എന്നിവയിൽ ബിരുദാനന്തര ബിരുദമോ ചൈൽഡ് എജ്യൂക്കേഷൻ, ചൈൽഡ് പ്രൊട്ടക്ഷൻ, ചൈൽഡ് ഡവലപ്‌മെന്റ് എന്നിവയിൽ ബിരുദമോ ഉളളവർക്ക് അപേക്ഷിക്കാം. ഫോൺ : 9446449280
ചൈൽഡ് ലൈനിലേക്ക് അപേക്ഷിക്കാം
കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന് കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന എ.ഡബ്ല്യൂ.എച്ച് ചൈൽഡ് ലൈനിൽ ടീം മെമ്പർ, വളണ്ടിയർ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:എം.എസ്.ഡബ്ല്യൂ. താത്പര്യള്ളവർക്ക് [email protected] എന്ന ഇ-മെയിലിൽ അപേക്ഷിക്കാം. ഫോൺ: 9747690099.
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട് ജില്ലയിൽ പട്ടിക വർഗ വികസന വകുപ്പിൽ ആയ (തദ്ദേശിയരായ പട്ടിക വർഗക്കാരായ വനിതകൾക്ക് മാത്രം) (കാറ്റഗറി നം. 364/16) തസ്തികയുടെ റാങ്ക് പട്ടികയിലുൾപ്പെട്ട യോഗ്യരായ മുഴുവൻ ഉദ്യോഗാർഥികളെയും നിയമന ശിപാർശ ചെയ്തു കഴിഞ്ഞതിനാൽ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.
കിക്മ: എം.ബി.എ. ഇന്റർവ്യൂ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് ഏപ്രിൽ 13 രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50ശതമാനം മാർക്കും, സി-മാറ്റ് പരീക്ഷ എഴുതിയവർക്കും അല്ലെങ്കിൽ കെ-മാറ്റ് / ക്യാറ്റ് (CMAT/CAT) യോഗ്യത നേടിയിട്ടുളളവർക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്കും നിബന്ധനകൾക്ക് വിധേയമായി ഇന്റർവ്യൂവിൽ പങ്കെടുക്കാം.
ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ട ലിങ്ക്: https://meet.google.com/tfx-hzem-exx
കൂടുതൽ വിവരങ്ങൾക്ക് 8547618290, www.kicmakerala.ac.in
മിഷൻ ഇന്ദ്രധനുഷിന് ആയഞ്ചേരിയിൽ തുടക്കമായി
ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന മിഷൻ ഇന്ദ്രധനുഷ് 4.0 ന്റെ ഉദ്ഘാടനം പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ നിർവഹിച്ചു.
വിവിധ കാരണങ്ങളാൽ പ്രതിരോധ വാക്സിനേഷൻ എടുക്കാൻ വിട്ടുപോയ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെയും ഗർഭിണികളുടെയും കുത്തിവെപ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിപാടിയാണ് ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ്. പ്രതിരോധ കുത്തിവെപ്പുകളിൽ 90 ശതമാനത്തിൽ കുറവുള്ള കേരളത്തിലെ ഒമ്പത് ജില്ലകളിൽ കോഴിക്കോടും ഉൾപ്പെട്ടിട്ടുണ്ട്. ബിസിജി, ഒപിവി, ഐപിവി, പെന്റാവാലന്റ്, റോട്ടാവൈറസ് വാക്‌സിൻ, എംആർ, ഡിപിറ്റി, ടിഡി തുടങ്ങിയ വാക്‌സിനുകൾ വാക്‌സിനേഷൻ ഷെഡ്യൂൾ പ്രകാരം യഥാസമയം കൊടുക്കാൻ വിട്ടുപോയവർക്ക് വാക്‌സിൻ നൽകുവാനാണ് ഈ യജ്ഞം സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ ആരോഗ്യ ജാഗ്രതാ സമിതിയുടെ ഉദ്ഘാടനവും നടന്നു. മെഡിക്കൽ ഓഫിസർ ഡോ.വിജിൻ കുമാർ, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കുഞ്ഞിരാമൻ മാസ്റ്റർ, ഹെൽത്ത് ഇൻസ്‌പെക്ടർ സജീവൻ തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കേണ്ട തീയതികളിൽ മാറ്റം
കോവിഡ് മൂലം മരണപ്പെട്ടവർക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതിയിൽ മാറ്റം. 2022 മാർച്ച് 20ന് മുമ്പ് കോവിഡ് മൂലം മരണപ്പെട്ടവരുടെ ധനസഹായത്തിനുള്ള അപേക്ഷ 2022 മാർച്ച് 24 മുതൽ 60 ദിവസത്തിനകം നൽകേണ്ടതാണ്. 2022 മാർച്ച് 20 നോ അതിനുശേഷമോ കോവിഡ് മൂലം മരണപ്പെട്ടവരുടെ അപേക്ഷ മരണംനടന്ന് 90 ദിവസത്തിനകം സമർപ്പിക്കാം.
വ്യക്തമായ കാരണങ്ങളാൽ നിശ്ചിത തീയതിക്കകം അപേക്ഷ നൽകാൻ കഴിയാതെ പോയവർ കോവിഡ് മരണവുമായി ബന്ധപ്പെട്ട പരാതി പരിഹാര കമ്മറ്റിക്ക് അപേക്ഷ നൽകേണ്ടതും കമ്മറ്റിയുടെ തീരുമാനപ്രകാരം നടപടികൾ കൈക്കൊള്ളുന്നതുമാണ്.
കോവിഡ് മൂലം മരണപ്പെടുകയും കോവിഡ് മരണലിസ്റ്റിൽ ഉൾപ്പെടാതെ പോകുകയും ചെയ്തവരുടെ അനന്തരാവകാശികൾ ഉടൻതന്നെ അപ്പീൽ നൽകേണ്ടതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഫറോക്കിൽ മാതൃകാ ബഡ്സ് സ്കൂളിന് 41.5 ലക്ഷം
ഫറോക്കിലെ ബഡ്സ് സ്കൂളിന് കെട്ടിടം നിർമിക്കാൻ ആസ്തിവികസന ഫണ്ടിൽനിന്നും 41.5 ലക്ഷംരൂപ അനുവദിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
ഫറോക്കിൽ കമ്മ്യൂണിറ്റി ഹാളിനോട് ചേർന്ന് ഒറ്റമുറിയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ ഭൗതിക സാഹചര്യങ്ങളില്ലാതെ പ്രയാസപ്പെടുന്ന അവസ്ഥ മുൻനിർത്തിയാണ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് തുക അനുവദിച്ചത്.ഫറോക്ക് മുൻസിപ്പൽ എൻജിനീയറിങ് വിഭാഗത്തിനാണ് നിർമാണച്ചുമതല. കരുവൻതിരുത്തിയിൽ ശിശുമന്ദിരം പ്രവർത്തിക്കുന്ന സ്ഥലത്താണ് ബഡ്സ് സ്കൂളിന് കെട്ടിടം നിർമിക്കുന്നത്.
അക്കാദമിക് പഠനത്തിൽ തോറ്റവർ ജീവിതത്തിൽ പരാജിതരല്ല – പി.കെ. ഗോപി
അക്കാദമിക് പഠനത്തിൽ തോറ്റവരാരും ജീവിതത്തിൽ പരാജിതരല്ലെന്ന് പ്രശസ്ത കവി പി.കെ.ഗോപി. ലോകത്തിന് മാതൃകയായ പലരും പഠനം പാതിവഴിയിൽ മുടങ്ങിയവരായിരുന്നു എന്നാൽ അവരിൽ മിക്കവരും പിന്നീട് തുടർപഠനത്തിലൂടെ ജീവിത വിജയം നേടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സാക്ഷരതാമിഷൻ സംഘടിപ്പിച്ച ‘ഗുരു ദക്ഷിണ’ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാതിവഴിയിൽ പഠനം മുടങ്ങിയവർക്ക് തുടർ പഠനത്തിന് അവസരമൊരുക്കുന്ന സാക്ഷരതാമിഷന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. നിരവധി ആളുകളുടെ ജീവിതമാണ് ഈ പദ്ധതിയിലൂടെ പ്രകാശമാനമാകുന്നതെന്നും പി.കെ.ഗോപി പറഞ്ഞു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ.എം.വിമല അധ്യക്ഷത വഹിച്ചു.
സാക്ഷരതാമിഷൻ നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ സപ്ലിമെന്ററി ഇംഗ്ലീഷ് പരീക്ഷ എഴുതാൻ സൗജന്യ പരിശീലനം നൽകി പഠിതാക്കൾക്ക് മികച്ച മാർക്ക് നേടാൻ സഹായിച്ച ജീന രമേശൻ, എ.കെ.നൂർഷ, എൻ.വി.നാരായണൻ, ജെ ലഞ്ജിഷ്, സന്ധ്യ രവീന്ദ്രൻ, എൻ.റീമ, സബിന സദു, വി.എസ്.സുജിഷ എന്നിവരെ സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.എച്ച്.സാബു ആദരിച്ചു. സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.പ്രശാന്ത് കുമാർ മുഖ്യപ്രഭാഷണം നടത്തി. പി.വി. ശാസ്ത പ്രസാദ്, ശശികുമാർ ചേളന്നൂർ, പി.പി.സാബിറ, ഷൈനി ശ്രീരാജ്, ലിഷ ഉത്തമൻ, പ്രീത നിരഞ്ജൻ, ഫിറോസ്ഖാൻ എന്നിവർ പ്രസംഗിച്ചു.
വിഷരഹിത പച്ചക്കറിച്ചന്ത ഉദ്ഘാടനം ചെയ്തു
പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവനും പനങ്ങാട് സർവീസ് സഹകരണബാങ്കും സംഘടിപ്പിച്ച വിഷരഹിത പച്ചക്കറിച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിഷു, റംസാൻ ദിനങ്ങളിൽ ആളുകൾക്ക് ജൈവപച്ചക്കറികൾ ലഭ്യമാക്കുന്നതിനും കർഷകരുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനുമാണ് ചന്ത ആരംഭിച്ചത്.
വൈസ് പ്രസിഡന്റ് ഇ.വി.ഖദീജക്കുട്ടി അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർമാൻ ഷാജി കെ പണിക്കർ, ക്ഷേമകാര്യ ചെയർപേഴ്സൺ പ്രകാശിനി, മെമ്പർമാരായ കെ.വി.മൊയ്തി, റംല ഹമീദ്, റിജുപ്രസാദ്, കൃഷിഅസിസ്റ്റന്റ് സിന്ധു, ബാങ്ക് പ്രസിഡന്റ് കെ.വി.ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.
കുന്ദമംഗലത്ത് രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. പുൽപ്പറമ്പിൽ -തേവർകണ്ടി റോഡ്, ബസ് സ്റ്റാന്റ് -കെ.എസ്.ഇ.ബി റോഡ് എന്നിവയാണ് നവീകരിച്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്.
പുൽപ്പറമ്പിൽ -തേവർകണ്ടി റോഡിന് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷംരൂപയും, ബസ് സ്റ്റാന്റ് -കെ.എസ്.ഇ.ബി റോഡിന് ഫ്‌ളഡ് പദ്ധതിയിൽ നാലുലക്ഷം രൂപയും പഞ്ചായത്ത് പദ്ധതിയിൽ മൂന്നുലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.കെ.സി നൗഷാദ്, പി കൗലത്ത്, ഒ വേലായുധൻ, ടി.പി അബ്ദുൽ അസീസ്, സി അബ്ദുറഹിമാൻ, എം ചന്ദ്രൻ, പി.കെ കൃഷ്ണൻകുട്ടി നായർ, കെ.സി മാമുക്കോയ തുടങ്ങിയവർ പങ്കെടുത്തു.
തൊഴിലുറപ്പ് മേറ്റുമാർക്ക് പരിശീലനം നൽകി
കുന്നുമ്മൽ ബ്ലോക്കിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലെ പുതുതായി തിരഞ്ഞെടുത്ത തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാർക്ക് പരിശീലനം നൽകി. പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എം.പി കുഞ്ഞിരാമൻ അദ്ധ്യക്ഷനായി.
ഈ വർഷം കാർഷിക മേഖലക്ക് പുറമെ സുഭിക്ഷ കേരളം, ശുചിത്വ കേരളം പദ്ധതിക്കും മുൻഗണന നൽകും. കയർ ഭൂവസ്ത്രം ഉപയോഗപ്പെടുത്തി തോടുകളും നെൽവയലുകളും സംരക്ഷിക്കാനും രജിസ്റ്റർ ചെയ്ത മുഴുവൻ തൊഴിലാളികൾക്കും 100 തൊഴിൽദിനം നൽകാനാവശ്യമായ ഇടപെടലുകൾ നടത്തുമെന്നും ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ തൊഴിലുറപ്പ് കോഴിക്കോട് ജില്ലാ ഓംബുഡ്‌സ്മാൻ വി.പി സുകുമാരൻ ക്ലാസ് എടുത്തു.
മേറ്റുമാരുടെ ചുമതല എന്ന വിഷയത്തിൽ എൻ.ആർ.ഇ.ജി ജില്ലാ ഓഫീസർ ശശി സംവദിച്ചു. ബ്ലോക്ക് ജോയിന്റ് ബി.ഡി.ഒ ശീതള, ബ്ലോക്ക് മെമ്പർമാരായ കെ.കൈരളി, കെ.കെ ഷമീന തുടങ്ങിയവർ പങ്കെടുത്തു.
റോഡ് ഉദ്ഘാടനം ചെയ്തു
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ നവീകരിച്ച നടുവിലക്കണ്ടിമുക്ക് – ഉച്ചംപൊയിൽ റോഡിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ നിർവഹിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് ചെയ്തു നവീകരിച്ചത്.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പി. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നൊച്ചാട്ട് രമേഷ്, പി.റിയാസ്, യു.പി. അഷറഫ്, ടി.എം. അഷറഫ്, നാസർ തങ്ങൾ, ടി.ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു. റോഡ് കമ്മറ്റി കൺവീനർ യു.പി.ബഷീർ സ്വാഗതവും കുഞ്ഞാറ്റ തങ്ങൾ നന്ദിയും പറഞ്ഞു.
സാന്ത്വന പ്രവാസിദുരിതാശ്വാസനിധിയിൽ റെക്കോർഡ് ഗുണഭോക്താക്കൾ
നോർക്ക റൂട്ട്സിന്റെ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വർഷം നടന്നത് റെക്കോർഡ് സഹായവിതരണം. 4614 പേർക്കായി 30 കോടി രൂപയാണ് 2021-2022ൽ വിതരണം ചെയ്തത്. പദ്ധതി വിഹിതത്തിൽ 100 ശതമാനം വിനിയോഗത്തോടെയാണ് ഏറ്റവും കൂടുതൽ ഗുണഭോക്താക്കളിലേക്ക് സാന്ത്വന എത്തിയത്.
തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് സഹായം ലഭിച്ചത്-853. ഏറ്റവും കുറവ് ഇടുക്കിയിലും. അഞ്ചു പേരാണ് ഇവിടെ ഗുണഭോക്താക്കൾ.
കൊല്ലം-715, തിരുവനന്തപുരം-675 , മലപ്പുറം-521, കോഴിക്കോട്-405, പാലക്കാട്-265, ആലപ്പുഴ-255, എറണാകുളം-250, കണ്ണൂർ-205, പത്തനംതിട്ട-200, കാസര്ഗോഡ്-105, കോട്ടയം-150, വയനാട്-10 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഗുണഭോക്താക്കളുടെ എണ്ണം.
2017-18 വർഷത്തിൽ 1053 പേർക്കാണ് സ്വാന്ത്വന വഴിയുള്ള സഹായം ലഭിച്ചത്. 6.30 കോടി രൂപയാണ് അക്കൊല്ലം വിതരണം ചെയ്തത്. തുടർന്നുള്ള വർഷങ്ങളിൽ 4156, 4102, 4445എന്നിങ്ങനെയായിരുന്നു ഗുണഭോക്താക്കളുടെ എണ്ണം. യഥാക്രമം 25 കോടി, 24.25 കോടി, 27 കോടി വീതം ആ വർഷങ്ങളിൽ തുക വിതരണം ചെയ്തു.
തിരികെയെത്തിയ കേരളീയർക്കായുളള നോർക്കയുടെ ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കവിയാത്ത പ്രവാസിമലയാളികളുടെ/ അടുത്ത കുടുംബാംഗങ്ങളുടെ ചികിത്സക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് 100000 രൂപ, പെൺമക്കളുടെ വിവാഹാവശ്യത്തിന് 15000 രൂപ, പ്രവാസിക്ക്/കുടുംബാംഗങ്ങൾക്ക് ഭിന്നശേഷി ഉപകരണങ്ങൾവാങ്ങുന്നതിന് 10000 രൂപ എന്നിങ്ങനെയാണ് പരമാവധി സഹായം.
വിശദാംശങ്ങൾക്ക് 1800-425-3939 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തുനിന്നും മിസ്സ്ഡ് കോൾ സേവനവും ലഭ്യമാണ്.