‘ജി.എസ്.ടി. ഭേദഗതി ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കും’; പേരാമ്പ്ര നിയോജക മണ്ഡലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് ഇനി പുതിയ ഭാരവാഹികള്‍


മേപ്പയ്യൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷനും ഭരണസമിതി തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു. നിലവിലെ ജി.എസ്.ടി ഭേദഗതിയില്‍ പതിനെട്ട് ശതമാനം നികുതി ഏര്‍പ്പെടുത്തിയ നടപടിചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുമെന്നും അനധികൃത വ്യാപാരങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.കെ. ബാപ്പുഹാജി പറഞ്ഞു.

മേപ്പയ്യൂരില്‍ സംഘടിപ്പിച്ച പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷനും ഭരണസമിതി തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പുതിയ ഭാരവാഹികളായി ഷരീഫ് ചീക്കിലോട് (പ്രസിഡന്റ്), രാജന്‍ ഒതയോത്ത് (ജനറല്‍ സെക്രട്ടറി), സി.പി. മനോജ് (ഖജാന്‍ജി) എന്നിവരെയും 57 അംഗ നിര്‍വാഹക സമിതിയേയും തെരഞ്ഞെടുത്തു.

സംഘടനയുടെ മണ്ഡലം പ്രസിഡന്റ് ഷരീഫ് ചീക്കിലോട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വി.സുനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. വി.എം. കുഞ്ഞബ്ദുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടും സി.പി. മനോജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സലീം രാമനാട്ടുകര, എം. ബാബുമോന്‍, അബ്ദുള്‍ സലാം വടകര, സുരേഷ് ബാബു കൈലാസ്, ഷംസുദ്ദീന്‍ കമ്മന, രാജന്‍ ഒതയോത്ത്, മണിയോത്ത് മൂസ, മനാഫ് കാപ്പാട്, എന്നിവര്ർ സംസാരിച്ചു.