എല്ലാ തലവേദനയും പനിയും വെസ്റ്റ് നൈല്‍ രോഗലക്ഷണമാവില്ല; എങ്കിലും സൂക്ഷിക്കണം! കൊതുകു നശീകരണം പ്രധാനം


കണ്ണൂരില്‍ പത്തൊമ്പതുകാരിയ്ക്ക് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. എന്നാല്‍ എല്ലാ തലവേദനയും പനിയും വെസ്റ്റ് നൈല്‍ രോഗ ലക്ഷണമാവില്ല. എങ്കിലും നിസാരമായി രോഗത്തെ കാണാനും പാടില്ല. കൃത്യമായി ജാഗ്രത പാലിച്ചാല്‍ വെസ്റ്റ് നൈല്‍ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ കഴിയും

അശുദ്ധ ജലത്തില്‍ വളരുന്ന ക്യൂലക്‌സ് കൊതുകുകളാണ് വെസ്റ്റ് നൈല്‍ പനി പരത്തുന്നത്. പക്ഷികളില്‍ നിന്നും കൊതുകു വഴി മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് വെസ്റ്റ് നൈല്‍ പനിക്ക് കാരണം. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം.

രോഗലക്ഷണങ്ങള്‍

തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവ പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിഭാഗം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.

രോഗപ്രതിരോധവും ചികിത്സയും

പ്രതിരോധമാണ് പ്രധാനം. കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സ തേടേണ്ടതാണ്.