യുവാക്കളെ ആളുമാറി തട്ടി കൊണ്ട് പോയ സംഭവം; കുറ്റ്യാടി സ്വദേശി ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ
നാദാപുരം: യുവാക്കളെ ആളുമാറി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാലുപേര്‍ നാദാപുരത്ത് അറസ്റ്റില്‍. കുറ്റ്യാടി നിട്ടൂര്‍ തൊള്ളംപാറ രാഹുല്‍ (25), കക്കട്ട് കൈക്കണ്ടിയില്‍ പി. അശ്വന്ത് (22), പാലേരി ചെറിയ കുമ്ബളം ഇടവലത്ത് ഇജാസ് (26), പുറമേരി കുളമുള്ളതില്‍ ജുനൈദ് (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.
മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശി കുന്നത്താടി വീട്ടില്‍ മുഹമ്മദ് ഷമ്മാസിനെയും (23) സുഹൃത്തുക്കളായ രണ്ടുപേരെയുമാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കക്കംവെള്ളി ശാദുലി റോഡ് പരിസരത്തുനിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പുറമേരി ഭാഗത്തേക്ക് കൊണ്ടുപോയ ഇവരെ അര മണിക്കൂറിനുശേഷം തിരികെ ക്വാര്‍ട്ടേഴ്സ് പരിസരത്ത് ഇറക്കിവിടുകയായിരുന്നു. തുടർന്ന് ഷമ്മാസ് നല്കിയ പരാതിയെ തുടര്‍ന്ന് നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ടയര്‍ കടയിലെ ജീവനക്കാരായ മൂന്നുപേരും ജോലികഴിഞ്ഞ് താമസസ്ഥലത്ത് എത്തിയപ്പോഴാണ് ഇന്നോവയിലെത്തിയ നാലംഗ സംഘം ഇവരെ തടഞ്ഞുവെച്ച് ‘ശരിയാക്കിത്തരാം’ എന്നുപറഞ്ഞ് ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോയത്. കാറില്‍ ഇവരുടെ ഫോട്ടോ ഫോണില്‍ പകര്‍ത്തിയ സംഘം ആര്‍ക്കോ അയച്ചുകൊടുക്കുകയും ഇതിനുശേഷമാണ് യുവാക്കളെ വിട്ടയച്ചതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുറ്റ്യാടി സ്വദേശിയുടെ കാര്‍, പറശ്ശിനിക്കടവിലേക്ക് തീര്‍ഥാടനത്തിന് എന്നുപറഞ്ഞ് നിട്ടൂര്‍ സ്വദേശി രാഹുല്‍ വാടകക്കെടുത്തതാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ യുവാക്കള്‍ ക്വട്ടേഷന്‍, സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണോ എന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.