നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി; ഓഫീസും പരിസരവും ചെടികള്‍ നട്ടുപിടിപ്പിക്കും, മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി ‘ഹരിത’ ഓഫീസാകാനൊരുങ്ങി കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന്
കൊയിലാണ്ടി: കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് ഹരിത ഓഫീസാകാനൊരുങ്ങുന്നു.’ശുചിത്വ കേരളം സുസ്ഥിര കേരളം’ എന്ന ലക്ഷ്യത്തോടെ മാലിന്യമുക്ത നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനായി നടക്കുന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു.
ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുന്നതിനും, മലിനജലം ഓഫീസ് കോമ്പൗണ്ടില്‍ ഒരിടത്തും കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്കി. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിനും അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കുന്നത് കാര്യക്ഷമമാക്കുന്നതിനും തീരുമാനിച്ചു.
കൂടാതെ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഓഫീസ് കോമ്പൗണ്ടില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കാനും ഓഫീസുകളില്‍ നിശ്ചിത ഇടവേളകളില്‍ ക്ലീനിങ് ഡ്രൈവ് നടത്തുന്നതിനും യോഗങ്ങള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു നടത്തുന്നതിനും ഓഫീസും പരിസരവും ചെടികള്‍ നട്ടുപിടിപ്പിച്ച് ഭംഗി വരുത്തുന്നതിനും ശില്പശാലയില് തീരുമാനിച്ചു.
ശില്പശാലയില് തഹസില്‍ദാര്‍ ജയശ്രീ എസ് വാര്യര്‍ സ്വാഗതം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി അംഗം എ സുധാകരന് പദ്ധതി വിശദീകരിച്ചു. തഹസില്‍ദാര്‍ ചെയര്‍മാനായി സിവില്‍ സ്റ്റേഷന് തല ശുചിത്വ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും തീരുമാനമായി. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി. പ്രജില, നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എല്‍. ലിജോയ്, ഹരിത കേരള മിഷന് റിസോഴ്സ് പേഴ്സണ്‍ നിരഞ്ജന എന്നിവര്‍ സംസാരിച്ചു.