നൂറിലധികം സ്‌ക്കൂളുകള്‍, രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍; ഐസ് ബ്ലോക്കില്‍ അഗ്‌നി പകര്‍ന്ന് കൊയിലാണ്ടി ഉപജില്ല ശാസ്ത്രമേളയ്ക്ക് തുടക്കം


കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രമേളയ്ക്ക് കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തിരിതെളിഞ്ഞു. നിലവിളക്കിന് പകരം ഐസ് ബ്ലോക്കിലേക്ക് അഗ്‌നി പകര്‍ന്ന് പരിപാടിയുടെ ഉദ്ഘാടനം നടന്നു. വ്യത്യസ്തമായ ശാസ്ത്ര പരീക്ഷണത്തിലൂടെയാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന കൊയിലാണ്ടി ഉപജില്ല ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ ഐ ടി മേളയ്ക്ക് തുടക്കം കുറിച്ചത്.

കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഭാവി പൗരന്മാരുടെ സര്‍ഗ്ഗാത്മകതയെയും ചിന്തയെയും സൃഷ്ടിപരമായി ഉപയോഗിക്കുന്നതിനും ഭാവി ഇന്ത്യയെ രൂപപ്പെടുത്തുന്നതിലും ശാസ്‌ത്രോല്‍സവങ്ങള്‍ മുതല്‍ക്കൂട്ടാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എ ഇ ഒ മഞ്ജു എം കെ മേള വിശദീകരണം നടത്തി.

നൂറിലധികം വിദ്യാലയങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് സാമൂഹ്യ ശാസ്ത്രമേളയിലും പ്രവൃത്തി പരിചയ മേളയിലും ഇന്ന് പങ്കെടുക്കുക. ശാസ്ത്ര ഗണിത ശാസ്ത്ര, ഐ.ടി മേളയോടെ ശാസ്‌ത്രോത്സവം നാളെ സമാപിക്കും. സമാപന സംഗമം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്യും

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇന്ദിര ടീച്ചര്‍, കെ. ഷിജു മാസ്റ്റര്‍, ഇ.കെ അജിത്ത് മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ എ. ലളിത, പി. രത്‌നവല്ലി ടീച്ചര്‍, വി.പി ഇബ്രാഹിം കുട്ടി, പി.ടി.എ പ്രസിഡണ്ട് വി. സുചീന്ദ്രന്‍, ഹരീഷ് എന്‍.കെ, പന്തലായനി ബി.പി.സി ദീപ്തി ഇ.പി, ബിജേഷ് ഉപ്പാലക്കല്‍, കെ.കെ സുധാകരന്‍, പ്രജീഷ് എന്‍.ഡി, വൈഷ്ണവ് എം.എസ്, അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എന്‍.വി പ്രദീപ് കുമാര്‍ സ്വാഗതവും റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എന്‍.സി പ്രശാന്ത് നന്ദിയും പറഞ്ഞു.