അപ്രതീക്ഷിതമഴയിലും കനാല്‍ ചോര്‍ച്ചയിലും വെള്ളത്തിലായി ആവളപ്പാണ്ടിയിലെ കൃഷി; വിളഞ്ഞ കതിരുകള്‍ കൊയ്‌തെടുക്കാന്‍ യന്ത്രം പാടത്തിറക്കാനാവാതെ കര്‍ഷകര്‍
പേരാമ്പ്ര: അപ്രതീക്ഷിതമായി എത്തിയ വേനല്‍മഴയും കനാലില്‍ നിന്ന് അമിതമായെത്തിയ വെള്ളവും കാരണം ആവളപാണ്ടിയിലെ നെല്‍കൃഷി നശിക്കുന്നു. മാടത്തൂര്‍താഴ ഭാഗത്തെ നൂറുഎക്കറോളം സ്ഥലത്തെ നെല്‍ക്കൃഷിയാണ് വെള്ളം കയറി നശിക്കുന്നത്. വിളഞ്ഞ് കൊയ്യാറായ നെല്‍ക്കതിരുകളാണ് വെള്ളത്തില്‍ മുങ്ങുന്ന സ്ഥിതിയിലായത്.
വയലില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വിളഞ്ഞ നെല്ല് തൊഴിലാളികളെ ഉപയോഗിച്ച് പറ്റാവുന്നത്ര കൊയ്‌തെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഏറെ സമയമെടുക്കുമെന്നതിനാല്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടംകൂടി വരുത്തിവെയ്ക്കും.
പ്രധാനകനാലിലെ ചോര്‍ച്ച കാരണം വയലിലൂടെ ഇവിടേക്ക് വെള്ളം അമിതമായി എത്തുന്നതും നെല്‍കൃഷിയില്‍ വെള്ളം കയറാന്‍ ഇടയാക്കി. ചില സ്ഥലങ്ങളില്‍ കനാല്‍ നികത്തിയതും കനാല്‍വെള്ളം വയലിലൂടെ ഒഴുകാനിടയാക്കിയിട്ടുണ്ട്. നെല്ല് കൊയ്യുന്നതുവരെയെങ്കിലും കനാല്‍ ജലവിതരണം നിര്‍ത്തണമെന്ന അപേക്ഷിക്കുകയാണ് ഇപ്പോള്‍ ഇവിടുത്തെ കര്‍ഷകര്‍.
കോഴിക്കോട് ജില്ലയിലെ വലിയ പാടശേഖരങ്ങളിലൊന്നായ ആവളപ്പാണ്ടിയില്‍ ഇപ്പോള്‍ പേരിനുമാത്രമാണ് കൃഷി നടക്കുന്നത്. കുറ്റ്യോട്ട് നടക്കും കാരയില്‍ നടക്കുമിടയില്‍ കുറഞ്ഞ സ്ഥലത്താണ് നെല്‍ക്കൃഷിയിറക്കിയിട്ടുള്ളത്. വയലില്‍ പായല്‍ പടര്‍ന്നതും ഗെയില്‍ പൈപ്പ് ലൈന്‍ വ്‌നതും തോടുനിര്‍മ്മാണം ശരിയായി നടക്കാത്തതുമെല്ലാം കൃഷി കുറയാനിടയാക്കിയിട്ടുണ്ട്.