‘മോർച്ചറി ഫോട്ടോകൾക്ക് അവന്‍ പ്രതിഫലം പറ്റാറില്ല’ കൊയിലാണ്ടിക്കാരനായ ഫോട്ടോഗ്രാഫര്‍ ബൈജുവിനെ കുറിച്ച് നാട്ടുകാരന്റെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്


കുട്ടന്‍ കൊയിലാണ്ടി

“രക്തം വെള്ളത്തേക്കാൾ കട്ടിയുള്ളതാണ് “നേരാകാം.
ചിലർക്കെങ്കിലും ചിലപ്പോഴെങ്കിലും,
ചില സമയത്തെങ്കിലും
അങ്ങനെ അല്ലാതെയുമിരിക്കാം.
ഇതിപ്പോൾ എഴുതാൻ തോന്നിയത്
ഒരു ദാരുന്ന സംഭവത്തിന്റെ നേരനുഭവം കേട്ടതിൽ നിന്നാണ്.
അതിവിടെ എന്റെ സുഹൃത്തുക്കൾക്ക് വേണ്ടി പങ്ക് വെക്കുന്നു.
കഴിഞ്ഞ ദിവസം എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ബൈജു, ക്യാമറയൊക്കെ തൂക്കി മങ്ങിയ മുഖത്തോടെ നടന്നു വരുന്നു. സ്വഭാവികമായും ഞാൻ കാര്യം തിരക്കി. ട്രെയിനിന് മുന്നിൽ ചാടി മരിച്ച രണ്ട് കമിതാക്കളുടെ ഫോട്ടോകൾ പോലീസിന് വേണ്ടി പകർത്തി തിരിച്ചു വന്നതാണ് പുള്ളി.സാമാന്യം നല്ല വേതനം ലഭിക്കാറുണ്ട് ഈ ജോലിക്ക്.
ഞാൻ എന്തെങ്കിലും നിവർത്തിയുണ്ടെങ്കിൽ ഒഴിഞ്ഞു മാറുകയാണ് പതിവ്.ഒഴിഞ്ഞു മാറിയിട്ടുണ്ട് പലവട്ടം. സ്റ്റുഡിയോകളൊക്കെ അവധിയായിരുന്ന ഒരു ദിവസം
ഇത്തരം ഒരാവശ്യം വന്നപ്പോൾ, ഞാൻ വീടിനു പുറകിലൂടെ രക്ഷപ്പെടും എന്ന് അറിയാവുന്നതു കൊണ്ടാണ് എന്ന് തോന്നുന്നു എന്നെ പോലീസ് വീടിനു പിന്നിൽ
കൂടി വന്നു “കസ്റ്റഡിയിൽ”എടുത്തു കൊണ്ടുപോയിട്ടുണ്ട്.
ഒരു സേവനം കൂടിയാണ് ഈ ജോലി എന്നത് അറിയാത്തത് കൊണ്ടല്ല. ഭയം കൊണ്ടുമല്ല.
മോർച്ചറിയിലൊക്കെ കയറി ഇറങ്ങി വന്നാൽ പിന്നെ രണ്ടു മൂന്നു ദിവസം പോക്കാണ്. ആകെ മൂഡൗട്ടാകും. അവിടെ പെർഫ്യൂമും, ചന്ദനത്തിരിയും, ഡെറ്റോളും, പിന്നെ ശരീര
സ്രവങ്ങളും ഒക്കെ കൂടികലർന്ന ഒരു ഗന്ധമാകും. വീട്ടിലെത്തി കുളിച്ച് വേറെ വസ്ത്രങ്ങൾ ധരിച്ചാലും പിന്നെ ആ ഗന്ധം പോകില്ല.എല്ലാം മനസ്സിന്റെ ഒരു തോന്നലാണ് എന്നാലും വയ്യ…..
അങ്ങനെയുള്ള എന്റെ മുന്നിൽ
കഴിഞ്ഞ ഇരുപതു വർഷമായി ഇൻക്വസ്റ്റ് ഫോട്ടോകൾ എടുക്കുന്ന ബൈജു ഒരൽത്ഭുതമായിരുന്നു.
നല്ല കാശ് കിട്ടുന്നത് കൊണ്ടാകാം അവന് ഇത്രയും താല്പര്യം എന്നാണ് സ്വഭാവികമായി എനിക്കും തോന്നിയത്.
ഞാനതവനോട് ചോദിക്കുകയും ചെയ്തു. പുച്ഛം കലർന്നൊരു ചിരിയായിരുന്നു മറുപടി. പിന്നെ ബൈജു അതിന്റെ കാരണം പറഞ്ഞു. കാരണം, അതൊരു കഥയായിരുന്നു. സാധാരണ ഏതൊരു മനുഷ്യനെയും
ചുട്ടുപൊള്ളിക്കുന്ന ആ കഥ.

“ഞാൻ മോർച്ചറി ഫോട്ടോകൾക്ക് പ്രതിഫലം പറ്റാറില്ല”എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ബൈജു പറഞ്ഞു..ഇരുപതു വർഷം മുൻപ് വരെ സാധാരണ പോലെ പ്രതിഫലം പറ്റി തന്നെയായിരുന്നു ബൈജുവും ഫോട്ടോ എടുത്തിരുന്നത്.പ്രതിഫലം വാങ്ങാതായതിന്റെ കാരണം ബൈജു പറഞ്ഞു. അതിങ്ങനെ. ഒരു ദിവസം അത്തരം ഒരു ഫോട്ടോ പകർത്താനായി ബൈജു മോർച്ചറിയിലെത്തി.65വയസ്സുള്ളൊരു മനുഷ്യനായിരുന്നു അവിടെ, നിശ്ചലനായി മരവിച്ചു കിടന്നിരുന്നത്.പടമെടുപ്പെല്ലാം കഴിഞ്ഞ് തിരിച്ചു പോരുമ്പോൾ ഡെഡ് ബോഡി കൊണ്ടുവന്നവരോട് ബൈജു ആ മനുഷ്യനെക്കുറിച്ച് തിരക്കി.
കേട്ട കഥ കരളലി യിക്കുന്നതായിരുന്നു. ആ കഥയിങ്ങനെ…………
ഒരു കൂലി തൊഴിലാളിയായിരുന്നു ആ മനുഷ്യൻ. ഭാര്യക്കും, ഏക മകൾക്കുമൊപ്പം സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു അയ്യാൾ.
മകൾ പ്രാണനായിരുന്നു
അയ്യാൾക്ക്.തന്റെ ഇല്ലായ്മകൾ ഒന്നും അറിയിക്കാതെ, കൈ വളരുന്നോ, കാൽ വളരുന്നോ
എന്ന് ദിനംപ്രതി നോക്കിക്കൊണ്ട് രാജകുമാരിയെ പോലെ
അയാളവളെ വളർത്തി. അവളുടെ ഒരു ചിരിയിൽ അയ്യാൾ ജീവിത പ്രാരാബ്ദങ്ങൾ മുഴുവൻ
മറക്കുമായിരുന്നു. അവളുടെ വിവാഹദിനം അയ്യാളൊരുപാട് സ്വപ്നം കണ്ടു.അത് മാത്രമായിരുന്നു അയ്യാളുടെ ജീവിതലക്ഷ്യം

ദിനങ്ങളെങ്ങനെ ഒഴുകി മാറിക്കൊണ്ടിരുന്നു. അങ്ങനെ അയ്യാളുടെ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ചു കൊണ്ട് വിവാഹാലോചനയെത്തി.
ആർക്കും ഇഷ്ടപ്പെടുന്നത്ര സൗമ്യനായൊരു യുവാവായിരുന്നു വരൻ.പിന്നെ വിവാഹം തന്നാലാവും വിധം ഗംഭീരമാക്കാൻ
ഓടി നടക്കുകയായിരുന്നു ആ പാവം. ഒരു പവന് 2000 രൂപ വിലയുള്ളകാലമാണ്.ഇരുപത്തയഞ്ചു പവൻ എടുത്ത തുകയിൽ 10000 രൂപ വിവാഹം കഴിഞ്ഞാൽ കിട്ടുന്ന കവറുകൾ
തുറക്കുമ്പോൾ കൊടുക്കാം എന്ന് പ്രതീക്ഷിച്ച് ജ്വല്ലറിക്കാരോട്
കടം പറഞ്ഞു.പിന്നെ താൻ സ്വരുക്കൂട്ടിയതും, അവിടന്നും, ഇവിടന്നുമായി ചെറുതായി കടം വാങ്ങിയതുമായി ആ വിവാഹയ്യാൾ സ്വപ്നം കണ്ടതുപോലെ തന്നെ നടത്തി. മകൾ വരന്റെ കയ്യും പിടിച്ച് പടിയിറങ്ങി പോകുന്നത് നിറ കണ്ണുകളോടെ അയ്യാൾ നോക്കി നിന്നു.

ആരവങ്ങളടങ്ങി, പന്തലുകൾ അഴിച്ചു, എല്ലാവരുടെയും പ്രതിഫലം മാന്യമായിത്തന്നെ
കൊടുത്ത് പിരിച്ചു വിട്ടു. പിന്നെ കയ്യിൽ അവശേഷിച്ചത്
5000രൂപ. ജ്വാല്ലറിക്കാർക്ക്
കൊടുക്കാനുള്ളതോ പതിനായിരവും. എന്ത് ചെയ്യും.
ജ്വല്ലറിക്കാരോട് ഒരാഴ്ച അവധി ചോദിച്ചു. മാന്യമായ ആ മനുഷ്യനെ അറിയാവുന്നതിനാൽ ജ്വല്ലറിക്കാർ അത് സമ്മതിക്കുകയും ചെയ്തു.ഒരാഴ്ച ആകാറായി പണം ഇനിയും ശരിയായിട്ടില്ല. അയ്യാളാകെ ആസ്വസ്ഥനായി. ഒരു വഴിയും കാണാതായപ്പോൾ ഭാര്യയാണ് ഒരു പോംവഴി നിർദ്ദേശിച്ചത്. നമ്മുടെ കാര്യങ്ങൾ എല്ലാം അറിയുന്നവനല്ലേ. നമ്മുടെ മോളുടെ ഭർത്താവല്ലേ. അവനോട് കൊടുത്ത വളകളിൽ രണ്ടെണ്ണം കടം ചോദിക്ക്. മൂന്നു മാസം കഴിയുമ്പോൾ നമുക്ക് വാങ്ങിക്കൊടുക്കാം. ഒരുപാടു തിരിച്ചും, മറിച്ചുമുള്ള ആലോചന കൾക്കൊടുവിൽ അയ്യാൾ അവസാനം അതുതന്നെ ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ പിറ്റേന്ന് രാവിലെഭാര്യ ഉണ്ടാക്കിക്കൊടുത്ത മകൾക്കിഷ്ടപ്പെട്ട പലഹാരങ്ങൾ പൊതിഞ്ഞെടുത്ത് അവളുടെ വീട്ടിലേക്ക് യാത്രയായി.

മകളയ്യാളെ കണ്ട മാത്രയിൽ ഓടിവന്നു കെട്ടിപിടിച്ചു.കണ്ണുകൾ സജലങ്ങളായാത് കൊണ്ട്
മരുമകൻ വന്നു നിൽക്കുന്നത് അയ്യാൾക്ക് അവ്യക്തമായേ കാണാനൊത്തുള്ളൂ.
മകൾ ചായ എടുക്കാൻ അടുക്കളയിൽ പോയപ്പോൾ മരുമകനോട് അയ്യാൾ വിഷയം അവതരിപ്പിച്ചു. അയ്യാളുടെ പ്രതീക്ഷക്ക് വിരുദ്ധമായി സന്തോഷത്തോടെ, അവനതിനു സമ്മതിച്ചു. മകൾ ഭാഗ്യവതിയാണ്, ഇത്രയും നല്ലൊരു മരുമകനെ കിട്ടിയ താനും. അയാളോർത്തു.
ചായ കുടി കഴിഞ്ഞതിനു ശേഷം മകളെ മാറ്റി നിർത്തി അയാൾ കാര്യം പറഞ്ഞു. “അതച്ഛാ ആദ്യമായിട്ടു ഇടുന്ന സ്വർണ്ണാ. ഇട്ടു കൊതിമാറിയില്ല. ഞാനിതു തരില്ലച്ഛാ. അച്ഛൻ വേറെങ്ങ നെയെങ്കിലും ജ്വല്ലറിക്കാരുടെ കടം വീട്ടാൻ നോക്ക് “മകൾ പറഞ്ഞതൊന്നും അയ്യാൾ കേട്ടില്ല. ആ നിമിഷം,ജീവനെ പോലെ സ്നേഹിച്ച മകൾ അയാൾക്ക്‌ അപരിചിത ആവുകയായിരുന്നു.
അവളുടെ നിരാസം അയ്യാൾക്ക് താങ്ങാൻ ആവുമായിരുന്നില്ല.
അയ്യാൾ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു. ആ പോക്കിൽ പിന്നെ അയ്യാൾ വീടെത്തിയില്ല. അയാളാണ് മരിച്ച്, മരവിച്ച് മോർച്ചറിയിൽ. “അതിന് ശേഷം ഞാൻ അത്തരം ഫോട്ടോകൾക്ക് പണം വാങ്ങിയിട്ടില്ല”. ബൈജു പറഞ്ഞു നിർത്തി.
കേരളത്തിൽ തന്നെ ഇത്തരത്തിൽ ബൈജുവിനെപോലെ മറ്റൊരു ഫോട്ടോഗ്രാഫർ കാണില്ല.

തുടക്കത്തിൽ പറഞ്ഞത് ആവർത്തിക്കുന്നു.
“രക്തം വെള്ളത്തേക്കാൾ കട്ടിയുള്ളതാണ് “നേരാകാം.
ചിലർക്കെങ്കിലും ചിലപ്പോഴെങ്കിലും,
ചില സമയത്തെങ്കിലും
അങ്ങനെ അല്ലാതെയുമിരിക്കാം.