‘ഒരു നാടിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ മഹാനായിരുന്നു ഗുരു ചേമഞ്ചേരി’; സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച എം.ആര്‍ രാഘവവാരിയരേയും കല്‍പ്പറ്റ നാരായണനേയും ആദരിച്ച് ചേലിയ കഥകളി വിദ്യാലയം


ചേമഞ്ചേരി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച എം.ആര്‍ രാഘവവാരിയരേയും കവിതയ്ക്കുള്ള അവാര്‍ഡ് ലഭിച്ച കല്‍പ്പറ്റ നാരായണനേയും ആദരിച്ച് ചേലിയ കഥകളി വിദ്യാലയം. ഒരു നാടിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയ മഹാനായിരുന്നു ഗുരു ചേമഞ്ചേരിയെന്നും ആ ഓര്‍മ്മകള്‍ പുതു തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതുപോലും മഹത്തായ സര്‍ഗ്ഗാത്മക പ്രവര്‍ത്തനമാണെന്നും രാഘവവാരിയര്‍ അഭിപ്രായപ്പെട്ടു.

ജീവിതത്തില്‍ ഒട്ടും അഭിനയിക്കാതിരിക്കയും അരങ്ങില്‍ മഹാനടനാവുകയും ചെയ്ത ഗുരുസൃഷ്ടിച്ച സാംസ്‌കാരിക സ്വാധീനം വിലമതിക്കാനാവില്ലെന്ന് കല്‍പ്പറ്റ നാരായണന്‍ അഭിപ്രായപ്പെട്ടു. നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ചു കൊണ്ട് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിജയരാഘവന്‍ ചേലിയ അധ്യക്ഷത വഹിച്ചു. കഥകളി വിദ്യാലയം അധ്യാപകരായ
കലാമണ്ഡലം പ്രേംകുമാര്‍ കലാമണ്ഡലം ശിവദാസ് എന്നിവര്‍ക്കുള്ള സ്‌നേഹോപഹാരങ്ങള്‍ നല്‍കി.

തുടര്‍ന്ന് നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു കൊണ്ട് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറി.
പരിപാടിയില്‍ കഥകളി വിദ്യാലയം സെക്രട്ടറി സന്തോഷ് സത്ഗമയ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ടി.എ വൈസ് പ്രസിഡന്റ് രാജശ്രീ നന്ദിയും പറഞ്ഞു.