നന്തി ശ്രീശൈലം കുന്നില്‍ വീണ്ടും മതിലിടിഞ്ഞു, മണ്ണും വെള്ളവും റോഡിലേക്ക് ഒഴുകിയെത്തി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കൊയിലാണ്ടി: നന്തി ശ്രീശൈലം കുന്ന് ഇടിച്ച് നിരത്തി നിര്‍മ്മിച്ച വഗാഡ് ലേബര്‍ ക്യാമ്പില്‍ ശക്തമായ മഴയെ തുടര്‍ന്ന് മതിലിടിഞ്ഞു. കെല്‍ട്രോണ്‍ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തെ മതിലാണിടിഞ്ഞത്. ഇതിനെ തുടര്‍ന്ന് മതിലിനൊപ്പും മണ്ണും വെള്ളവും റോഡിലേക്ക് വീണു. ഇന്നലെ സന്ധ്യയോടെയാണ് സംഭവം.
ലേബര്‍ ക്യാമ്പിന് ചുറ്റും മൂന്ന് മീറ്റര്‍ ഉയരത്തിലാണ് മതില് നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് നിന്ന് നീക്കം ചെയ്ത മണ്ണ് മതിലിനോട് ചേര്‍ന്നാണ് നിക്ഷേപിച്ചത്. ഇതാണ് ഇന്നലത്തെ ശക്തമായ മഴയില്‍ നിലംപൊത്തിയത്. ആളുകള്‍ സമയോചിതമായി സംഭവ സ്ഥലത്തു നിന്നും മാറിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
മതിലിനോട് ചേര്‍ന്നാണ് കെല്‍ട്രോണ്‍ റോഡ് സ്ഥിതിന്നത്. നിരവധി ആളുകളാണ് കാല്‍നടയായും വാഹനങ്ങളിലുമായി ഇതുവഴി കടന്നു പോകുന്നത്. അപകടം നടന്ന സമയത്ത് അതുവഴി സ്കൂട്ടിയില്‍ വന്ന അമ്മയും മകളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മതിലിടിഞ്ഞു വീഴുന്നത് കണ്ട ഇവര്‍ പെട്ടന്ന് റോഡില്‍ നിന്ന് മാറുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ വീടുകളിലും ആളുകളുണ്ടായിരുന്നു.
രാത്രിയില്‍ തന്നെ ക്യാമ്പ് അധീകൃതര്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അധികാരികളെത്തിയാലാണ് മണ്ണ് നീക്കാന്‍ അനുവദിക്കുകയുള്ളു എന്ന നിലപാടിലാണ് നാട്ടുകാര്‍. ഇതുവരെ റോഡിലെ മണ്ണ് നീക്കം ചെയ്തിട്ടില്ല.
ശ്രീശൈലം കുന്ന് ആറ് മീറ്ററോളം ഇടിച്ചുനിരത്തി ആ മണ്ണ് അതിന്റെ താഴ് വാരത്ത് നിക്ഷേപിച്ചു തയ്യാറാക്കിയ മനുഷ്യനിര്‍മ്മിതമായ കുന്നിലാണ് ലേബര്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ഈ നിര്‍മ്മാണത്തിലെ അപകട സാധ്യതകള്‍ നേരത്തെ തന്നെ പ്രദേശവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ലേബര്‍ ക്യാമ്പിന് വെട്ടുകല്ലിലും കോണ്‍ക്രീറ്റിലും ചുറ്റുമതില്‍ തീര്‍ത്ത് അപകട സാധ്യത ഇല്ലാതാക്കുമെന്നായിരുന്നു കമ്പനി അവകാശപ്പെട്ടത്.
Also Read- കൊയിലാണ്ടിയില്‍ ഇലട്രിക്ക് ലൈനില്‍ മരം പൊട്ടിവീണു
എന്നാല്‍ ഇതിന് മുമ്പും മഴയെ തുടര്‍ന്ന് ഇവിടെ മണ്ണിടിഞ്ഞിരുന്നു. ക്യാമ്പില്‍ നിന്നും മണ്ണ് ഒലിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ തവണ മതിലില്‍ ഇടിഞ്ഞതിന് 200 മീറ്റര്‍ അകലെയാണ് വീണ്ടും മതിലിടിഞ്ഞത്. ജനങ്ങളുടെ ജീവനും സ്വത്തിനും ലേബര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനം ഭീഷണയുയര്ത്തുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.