ചെങ്ങോട്ട്കാവില്‍ കാറും ഇലക്ട്രിക് ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോയില്‍ കാല്‍കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് അഗ്നിരക്ഷാസേന
ചെങ്ങോട്ട്കാവ്: ചെങ്ങോട്ട്കാവില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7.30 തോടെയാണ് സംഭവം. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്നു ഇലക്ട്രിക് ഓട്ടോയും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ഓട്ടോഡ്രൈവറായ മഹമൂദിന് കാലിന് പരിക്കേറ്റു. ഓട്ടോയില്‍ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവര്‍. സംഭവ സമയത്ത് ഓട്ടോറിക്ഷയില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് മഹമൂദിനെ പുറത്തെടുത്തത്.
ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനഭാഗം വേര്‍പെടുത്തിയാണ് ഓട്ടോ ഡ്രൈവറെ വാഹനത്തില്‍ നിന്നും പുറത്തെടുത്തത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകരുകയും കാറിലുള്ള രണ്ട് യാത്രക്കാര്‍ക്ക് നിസ്സാരമായി പരിക്കേറ്റു. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ജൂനിയര്‍ എ.എസ്.ടി.ഒ മജീദ് എം ന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരായ ജാഹിര്‍ എം, സുകേഷ് കെ ബി, അനൂപ് എന്‍.പി, രജിലേഷ്, ഹോം ഗാര്‍ഡ് ബാലന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.