ചക്കിട്ടപ്പാറയില്‍ പൊലീസ് സംരക്ഷണത്തില്‍ കഴിയുന്നയാളുടെ വീടിനുനേരെ ബോംബേറ്
പേരാമ്പ്ര: ഹൈക്കോടതി നിര്‍ദേശമനുസരിച്ച് 2013 മുതല്‍ പൊലീസ് സംരക്ഷണത്തില്‍ കഴിയുന്ന ചക്കിട്ടപ്പാറ മുതുകാട് സ്വദേശി ജീജോ തോമസിന്റെ വീടിനുനേരെ ബോംബേറ്. വ്യാഴാഴ്ച രാത്രി പതിനൊന്നേ മുക്കാലോടെയാണ് സംഭവം.
ഉഗ്രശബ്ദം കേട്ട് ഉണര്‍ന്ന ജിയോയും കാവലുണ്ടായിരുന്ന പൊലീസുകാരും പുറത്തിറങ്ങി നോക്കുമ്പോള്‍ രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെടുന്നത് കണ്ടു. ഇവരെ പിന്തുടര്ന്നെങ്കിലും മുതുകാട് താഴത്തങ്ങാടിയില്‍ നിന്ന് ഇടത്തോട്ടുള്ള പോക്കറ്റ് റോഡ് വഴി രക്ഷപ്പെടുകയായിരുന്നു.
എറിഞ്ഞ സ്ഫോടക വസ്തു വീടിനു മുന്നിലെ മരത്തില്‍ തട്ടി ചിതറിയതിനാല്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു.
ജീജോയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 2016ല്‍ പത്ത് സി.പി.എം പ്രവര്‍ത്തകരെ മാറാട് കോടതി ശിക്ഷിച്ചിരുന്നു. പ്രതികള്‍ നല്കിയ അപ്പീലില്‍ വ്യാഴാഴ്ച ഹൈക്കോടതി എല്ലാവരേയും വെറുതെ വിട്ടിരുന്നു.