പയ്യോളിയില്‍ നിന്നും അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ വള്ളം തകര്‍ന്നു; കരയ്ക്കെത്താനാവാതെ വള്ളത്തില്‍ കുടുങ്ങി അഞ്ച് മത്സ്യത്തൊഴിലാളികള്‍, രക്ഷകരായെത്തി മറൈന്‍ എന്‍ഫോഴ്സ്‌മെന്റ്


പയ്യോളി: വള്ളം തകര്‍ന്ന് കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് .  ഇന്നലെ ( ബുധന്‍) ഉച്ചയോടെയാണ് സംഭവം. പയ്യോളി ഭാഗത്ത് നിന്നും അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം ഉണ്ടായത്.
ഷാലോം എന്ന കാരിയര്‍വള്ളമാണ് തകര്‍ന്നത്.

ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മുറിയുകയായിരുന്നു. ഉടനെ മത്സ്യത്തൊഴിലാളികള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിനെ വിവരമറിയിക്കുകയായിരുന്നു. അഞ്ച് മത്സ്യത്തൊഴിലാളികളായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്.

തുടര്‍ന്ന് പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് എസ്.ഐ.രാജന്‍, സുമേഷ്, നിധീഷ്,ബോട്ടിന്റെ സ്രാങ്ക് രാജു എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു.