നിർമ്മാണത്തിലെ അപാകതയും, ഇഴഞ്ഞു നീങ്ങുന്ന നിർമ്മാണ പ്രവൃത്തിയും; ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു, തിരുവങ്ങൂർ മുതൽ കൊയിലാണ്ടി വരെ വാഹനങ്ങളുടെ നീണ്ടനിര
കൊയിലാണ്ടി: ഇടവേളയ്ക്കുശേഷം മഴ വീണ്ടും ശക്തമായതോടെ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. പയ്യോളി മുതല്‍ വെങ്ങളം വരെയുള്ള ഭാഗത്ത് റോഡ് തകര്‍ന്നതും വെള്ളക്കെട്ടും ചെളിയുമെല്ലാം കാരണം ഗതാഗതക്കുരുക്കാണ്. ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്ന്. പലയിടത്തും സര്‍വ്വീസ് റോഡുകള്‍ക്ക് അഞ്ച് മീറ്റര്‍ പോലും വീതിയില്ല. മഴയും മറ്റും കാരണം റോഡിന്റെ അരികുകള്‍ ഇടിയുന്നതും വാഹനങ്ങള്‍ ചെളിയില്‍ കുടുങ്ങുന്നതുമെല്ലാം ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നുണ്ട്.
വടകര ഭാഗത്തേക്ക് പോകുന്ന റോഡില്‍ തിരുവങ്ങൂര്‍ മുതല്‍ കൊയിലാണ്ടിവരെ വലിയ ഗതാഗതക്കുരുക്കാണ് ഇന്ന് വൈകുന്നേരം മുതല്‍ ഉള്ളത്. വെങ്ങളം, പൂക്കാട്, തിരുവങ്ങൂര്‍ ഭാഗത്ത് സര്‍വ്വീസ് റോഡിന്റെ അവസ്ഥ പരിതാപകരമാണ്. റോഡരികിലെ ഡ്രൈനേജുകള്‍ പലയിടത്തും പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലാണ്.
ദേശീയപാത നിര്‍മ്മാണ പ്രവൃത്തികളുടെ മെല്ലെപ്പോക്കാണ് ഗതാഗത പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നത്. പല ഭാഗത്തും വളരെ മന്ദഗതിയിലാണ് പ്രവൃത്തി നീങ്ങുന്നത്. നേരത്തെ മഴയല്പം കുറഞ്ഞിട്ടും നിര്‍മ്മാണ പ്രവൃത്തികളുടെ വേഗം കൂടിയിരുന്നില്ല. പയ്യോളി, തിരുവങ്ങൂര്‍ ഭാഗങ്ങളില്‍ മുമ്പുണ്ടായിരുന്നതില്‍ നിന്നും വലിയ പുരോഗതിയൊന്നും ദേശീയപാതയുടെ കാര്യത്തില്‍ ഇപ്പോഴുണ്ടായിട്ടില്ല. മഴയില്ലാത്തപ്പോള്‍ അസഹനീയമായ പൊടിശല്യവും അതുകാരണമുള്ള ഗതാഗത ബുദ്ധിമുട്ടുകളുമാണെങ്കില് മഴയുള്ളപ്പോള്‍ വെള്ളക്കെട്ടും ചെളിയും കാരണമുള്ള ഗതാഗതക്കുരുക്കാണ്.
തിങ്കളാഴ്ച വൈകുന്നേരം മുതലുണ്ടായ ശക്തമായ മഴ ദേശീയപാത വഴിയുള്ള ഗതാഗതം താറുമാറാക്കിയിരുന്നു. പലയിടത്തും വെള്ളക്കെട്ടും റോഡിലെ കുഴിയില്‍ വെള്ളവും ചെളിയും നിറഞ്ഞത് കാരണം നീണ്ട ഗതാഗതക്കുരുക്കായി. ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ പോക്കറ്റ് റോഡുകളെ കൂടുതല്‍ ആളുകള്‍ ആശ്രയിക്കാന്‍ തുടങ്ങിയതോടെ അവിടെയും വാഹനങ്ങള്‍ കുടുങ്ങുന്ന സ്ഥിതിയായി. തിങ്കളാഴ്ച വൈകുന്നേരം തുടങ്ങിയ ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ നീണ്ടു. ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ ദേശീയപാതയില്‍ വാഹനങ്ങള്‍ നിരങ്ങിപ്പോകുന്ന സ്ഥിതിയായിരുന്നു.
ദേശീയപാതയുടെ നിര്‍മ്മാണത്തിലെ അപാകതകള്‍ ഇന്ന് എം.എല്‍.എ നിയമസഭയില്‍ ഉന്നയിക്കുന്ന സ്ഥിതിയുണ്ടായി. ഏഴ് മീറ്റര്‍ വീതിയിലാണ് സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിക്കാന്‍ കരാര്‍ എന്നിരിക്കെ വെങ്ങളം മുതല്‍ മൂരാട് പാലം വരെയുള്ളയിടങ്ങളില്‍ അഞ്ച് മീറ്റര്‍ പോലും സര്‍വ്വീസ് റോഡിന് വീതിയില്ലാത്ത ഇടങ്ങളുണ്ടെന്നും എം.എല്‍.എ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വിഷയം നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയ എം.എല്‍.എയുടെ നടപടി ആശ്വാസകരമാണ്. എന്നാല്‍ ഈ പ്രശ്നം അധികൃതരുടെ ശ്രദ്ധയിലെത്തിക്കുന്നതിനും പരിഹാരം കാണുന്നതിനും സമ്മര്‍ദ്ദം ചെലുത്തുന്നതിനായി യുവജന സംഘടനകളം നാട്ടുകാരുമെല്ലാം പ്രതിഷേധവുമായി രംഗത്തിറങ്ങേണ്ടതുണ്ട്. ദിവസേന ലക്ഷക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ദേശീയപാത അഴിയാ കുരുക്കായി മാറാന്‍ ഇനിയും അനുവദിച്ചുകൂടാ.
Summary: Traffic jams are common on the national highway, with long queues of vehicles from thiruvangoor to koyilandy