”മുറിയിലെ ചുവരുചാരി കിടന്നിരുന്ന മകന് പെട്ടെന്ന് ഷോക്കേറ്റതുപോലെ തോന്നി, അവരാകെ ഭയന്നു” ഇടിമിന്നലില്‍ വീടിന് നാശനഷ്ടം സംഭവിച്ച ചേമഞ്ചേരി സ്വദേശി സംസാരിക്കുന്നു


ചേമഞ്ചേരി: ”സിറ്റൗട്ടിനോട് ചേര്‍ന്നുള്ള മുറിയില്‍ കിടന്നതായിരുന്നു ഭാര്യയും മക്കളും, പെട്ടെന്ന് മകന്റെ ശരീരത്തില്‍ ഷോക്കേറ്റതുപോലെ ഒരു അനുഭവം. അവരാകെ ഭയന്നുപോയി, ഭാഗ്യംകൊണ്ടാണ് അവര്‍ക്കൊന്നും സംഭവിക്കാതിരുന്നത്” ഇന്നലെ രാത്രിയില്‍ വീട്ടുകാര്‍ക്ക് ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് പറയുമ്പോള്‍ ചേമഞ്ചേരി സ്വദേശിയായ ബാബുവിന് ഇപ്പോഴും ചെറിയൊരു ഭീതിയുണ്ട്. ഇടിമിന്നലില്‍ ബാബുവിന്റെ വീടിന്റെ മീറ്റര്‍ തകരുകയും കോണ്‍ക്രീറ്റ് ഭാഗം അടര്‍ന്നുവീഴുകയും ചെയ്തിരുന്നു.

വൈകുന്നേരം തിരുവങ്ങൂരിലേക്ക് പോയതായിരുന്നു ബാബു. ആറ് മണിമുതല്‍ തുടങ്ങിയ മഴ തോരാതായതോടെ അവിടെ പെട്ടുപോയ അവസ്ഥയായി. ഭാര്യയും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാത്രി വൈകി വീട്ടിലെത്തിയപ്പോഴാണ് അവര്‍ ഈ സംഭവങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് കറണ്ട് ഇല്ലാത്തതിനാല്‍ ഫ്യൂസ് പോയതോ മറ്റോ ആണോയെന്ന് നോക്കാനായി മീറ്ററിനടുത്ത് ചെന്നപ്പോഴാണ് മീറ്റര്‍ തകര്‍ന്നത് കാണുന്നത്.

വിശദമായ പരിശോധനയില്‍ സിറ്റൗട്ടിനോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് സ്ലാബും പൊട്ടിയതായി കണ്ടു. ഇതിന് തൊട്ടടുത്തുള്ള മുറിയിലായിരുന്നു ഭാര്യയും മക്കളുമുണ്ടായിരുന്നത്. മീറ്റര്‍ ചുവരില്‍ നിന്നും തെറിച്ച് നില്‍ക്കുന്ന നിലയിലാണ്. സ്ലാബിന്റെ ചെറിയൊരു ഭാഗം പൊട്ടിവീണിട്ടുണ്ട്. വില്ലേജ് അധികൃരെയും കെ.എസ്.ഇ.ബി അധികൃതരെയും ഇന്ന് വിവരം അറിയിക്കുമെന്നും ബാബു പറഞ്ഞു. തിരുവങ്ങൂര്‍ സൈരിയുടെ പ്രവര്‍ത്തകനും പാട്ടരങ്ങിലെ ഗായകനും കൂടിയായ ബാബു ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയാണ്.