ആധാര്‍ കാര്‍ഡ് പുതുക്കാതെയാണോ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ചെയ്യാന്‍ പോയത് ? എങ്കില്‍ പണി കിട്ടും! നാളെയാണ് അവസാന ദിനം
കോഴിക്കോട്: മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിംഗ് നാളെ പൂര്‍ത്തിയാവാനിരിക്കെ സംസ്ഥാനത്ത് വീണ്ടും പ്രതിസന്ധി. ആധാര്‍ കാര്‍ഡ് പുതുക്കാത്തവര്‍ക്കാണ് ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ വരുന്നവരുടെ റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് അസാധുവായിരിക്കുകയാണ്. ആധാര്‍ കാര്‍ഡിലെയും റേഷന്‍ കാര്‍ഡിലെയും പേരിലെ പൊരുത്തക്കേടാണ് പ്രധാന കാരണം.
രണ്ടിലെയും പേരുകള്‍ തമ്മിലുള്ള വ്യത്യാസം മുപ്പത് ശതമാനത്തിലേറെയാണെങ്കില്‍ മസ്റ്ററിംഗ് അസാധുവാകും. എന്നാല്‍ ഇക്കാര്യം പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. താലൂക്ക് സപ്ലൈ ഓഫീസുകളിലെ വിദഗ്ദ പരിശോധനയിലാണ് മസ്റ്ററിംഗ് അസാധുവായത് മനസിലായത്. അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ പുതുക്കലിന് അപേക്ഷിച്ചാലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ ഒന്നിലധികം ദിവസം വേണം. മസ്റ്ററിംഗിനുള്ള അവസാന തീയതി നാളെയാണ്. അങ്ങനെ വരുമ്പോള്‍ നാളെ പുതുക്കിയ ആധാര്‍ കൊണ്ട് മസ്റ്ററിംഗിന് പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.
ഇതുവരെയായി 1.56 കോടി പേരുടെ മസ്റ്ററിംഗാണ് സംസ്ഥാനത്ത് പൂര്‍ത്തിയായത്. അതില്‍ ഇനിയും ഇരുപത് ലക്ഷത്തോളം പേരുടെ മസ്റ്ററിംഗ് സാധ്യത പരിശോധിക്കാനുണ്ട്. ഇതുംകൂടി പൂര്‍ണമായലേ അസാധുവായവരുടെ എണ്ണം കൃത്യമായി കിട്ടുകയുള്ളൂ. ഇന്നലെ അവധി ദിനമാണെങ്കിലും മസ്റ്ററിംഗിനായി റേഷന്‍ കടകള്‍ തുറന്നിരുന്നു. പ്രവൃത്തി ദിവസങ്ങളില്‍ മസ്റ്ററിംഗിനൊപ്പം ധാന്യങ്ങള്‍ വാങ്ങുന്നതിനായി കാര്‍ഡ് ഉടമകള്‍ ഒന്നിച്ചെത്തുന്നത് റേഷന്‍ വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കാരണം ഒരുമിച്ച് എല്ലാ പ്രവൃത്തിയും നടക്കുമ്പോള്‍ സെര്‍വര്‍ മന്ദഗതിയിലാവാറുണ്ട്.
റേഷന്‍ വാങ്ങാന്‍ പോകുമ്പോള്‍ നിലവില്‍ വിരല്‍ പതിയാത്തവരും കുട്ടികളും ആധാര്‍ അക്ഷയയില്‍ പോയി പുതുക്കി വേണം മസ്റ്ററിംഗ് നടത്താന്‍. ഈ സാഹചര്യത്തില്‍ ആധാര്‍ പുതുക്കാത്തതിന്റെ പേരില്‍ മസ്റ്ററിംഗ് മുടങ്ങിയവരുടെ പേരു വിവരങ്ങള്‍ ഉള്‍പ്പെടുത്തി അറിയിക്കാന്‍ സര്‍ക്കാര്‍ റേഷന്‍ വ്യാപാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Description: Ration card mustering of those who have not renewed their Aadhaar card is becoming a crisis