‘മൂക്കുപൊത്തിയല്ലാതെ സര്‍വ്വീസ് നടത്താന്‍ കഴിയുന്നില്ല, വൈകുന്നേരമാകുമ്പോഴേക്കും പൊടിയില്‍ മുങ്ങുന്നു’; തിരുവങ്ങൂരില്‍ പ്രതിഷേധവുമായി റോഡിലിറങ്ങി ഓട്ടോ തൊഴിലാളികള്‍
തിരുവങ്ങൂര്‍: ദേശീയപാത നിര്‍മ്മാണത്തിലെ അപാതകള്ക്കെതിരെ തിവരുവങ്ങൂരില് പ്രതിഷേധ പ്രകടനം നടത്തി ഓട്ടോ കോഡിനേഷന്‍ കമ്മിറ്റി തൊഴിലാളികള്‍. തിരുവങ്ങൂര്‍ -കാപ്പാട് റോഡ് റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം താറുമാറായതിനെതിരെയും പ്രതിഷേധം രേഖപ്പെടുത്തി.
കാപ്പാട് ബീച്ചിലേയ്ക്ക് പോയി തിരിച്ച് തിരുവങ്ങൂരിലെത്താന് നാല് കിലോമീറ്റര്‍ ചുറ്റിവളഞ്ഞ് സഞ്ചരിക്കണം. കൂടാതെ പൊട്ടിപ്പൊളിഞ്ഞ റോഡും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. ക്വാറി വേസ്റ്റ് ഇട്ട് കുഴിമൂടിയതിനാല് പൊടിശല്യവും രൂക്ഷമായിരിക്കുകയാണെന്നും മാസ്ക്ക് ഇട്ട് അല്ലാതെ ഇതുവഴി കടന്നുപോവുക ബുദ്ധിമുട്ടാണെന്നും ഓട്ടോ തൊഴിലാളികള്‍ പറയുന്നു.
തിരുവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രവും സ്കൂളുകളും ഉള്‍പ്പെടെ പൊടിപടലത്തില്‍ മുങ്ങിയിരിക്കുകയാണ്. വൈകുന്നേരമാവുമ്പോഴേക്കും ഓട്ടോ മുഴുവനായും പൊടി മൂടിക്കിടക്കുന്ന അവസ്ഥയാണുള്ളതെന്നും തൊഴിലാളികള്‍ പറയുന്നു. കാപ്പാട് റോഡിലേയ്ക്ക് പോകുന്നിടത്ത് അണ്ടര്‍പാസ്സ് നിര്‍മ്മിക്കണമെന്നാണ് ഓട്ടോ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.
പ്രതിഷേധത്തില്‍ നാട്ടുകാര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിതികള്‍ എന്നിവരും പങ്കെടുത്തു. വിഷയം പഞ്ചായത്ത് പ്രസിഡണ്ടിനെയും എം.എല്‍.എ യും ധരിപ്പിച്ചു. കൂടുതല്‍ നടപടികള്‍ക്കായി കളക്ടറെ സമീപിക്കാനുള്ള നടപടികള്‍ക്കൊരുങ്ങുകയാണ് ഓട്ടോ തൊഴിലാളികള്‍. ഓട്ടോ കോഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ നിസാര്‍ സത്യന്, രഞ്ജിത്ത്, ഷെഹീദ്, ഷാജി, രാജേഷ്, രാമകൃഷ്ണന് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.