മാലിന്യമുക്തം നവകേരള ക്യാമ്പയിന്; ശിങ്കാരിമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ശുചിത്വ സന്ദേശങ്ങള്‍ ഉയര്‍ത്തി നവകേരള ക്യാമ്പയിന് ജില്ലാതല തുടക്കം കൊയിലാണ്ടിയില്‍
കൊയിലാണ്ടി: മാലിന്യമുക്തം നവകേരള ക്യാമ്പയിന് ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയില്‍ നടന്നു. ഒക്ടോബര്‍ 2ന് ആരംഭിച്ച് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 വരെയാണ് ജനകീയ ക്യാമ്പയിന് നടക്കുന്നത്. വര്‍ണ്ണശഭളമായ ശുചിത്വ സന്ദേശ യാത്രയോടെയുള്ള ക്യാമ്പയിന് എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സര്‍ക്കാരും നഗരസഭയും ഏറ്റെടുക്കുന്ന ക്യാമ്പയിന് പ്രവര്‍ത്തനങ്ങളില്‍ മുഴുവനാളുകളും പങ്കെടുക്കണമെന്ന് എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ശുചിത്വ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ വിദ്യാര്‍ഥികള്‍ ഫ്ലാഷ് മോബ് നടത്തി.
ശിങ്കാരിമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ശുചിത്വ സന്ദേശങ്ങള്‍ ഉയര്‍ത്തി കൗണ്‍സിലര്‍മാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ഹരിത കേരള മിഷന് ഉദ്യോഗസ്ഥര്‍, ശുചിത്വമിഷന് ഉദ്യോഗസ്ഥര്‍, സി.ഡി.എസ് അംഗങ്ങള്‍, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍, എസ്.പി.സി വിദ്യാര്‍ത്ഥികള്‍, എന്‍.സി.സി വിദ്യാര്‍ത്ഥികള്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍ തുടങ്ങി നൂറുകണക്കിന് പങ്കെടുത്തു.
നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് അഡ്വക്കേറ്റ് കെ. സത്യന് സ്വാഗതം പറഞ്ഞു. നവ കേരള മിഷന് ജില്ലാ കോഡിനേറ്റര്‍ പി.ടി പ്രസാദ്, ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര്‍ ഗൗതമന് എം ( കെ.എ.എസ്), എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ സരുണ്‍ കെ, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.എ ഇന്ദിര ടീച്ചര്‍, കെ. ഷിജു മാസ്റ്റര്‍, ഇ.കെ അജിത്ത് മാസ്റ്റര്‍, നിജില പറവക്കൊടി, കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍മാരായ രത്നവല്ലി ടീച്ചര്‍, വി.പി ഇബ്രാഹിംകുട്ടി, വൈശാഖ് കെ.കെ, ജില്ലാ ആസൂത്രണ സമിതി അംഗം എ. സുധാകരന്, നഗരസഭ ക്ലിന് സിറ്റി മാനേജര്‍ സതീഷ് കുമാര്‍ ടി.കെ, നഗരസഭ എന്‍ജിനീയര്‍ ശിവപ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
നഗരസഭ സെക്രട്ടറി ഇന്ദു എസ്.ശങ്കരി (കെ.എ.എസ്) ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി. പ്രജില നന്ദി രേഖപ്പെടുത്തി സംസാരിച്ചു.