ശക്തമായ കാറ്റും വേനല്‍ മഴയും: പേരാമ്പ്ര മേഖലയില്‍ വ്യാപക നാശം
പേരാമ്പ്ര: ശക്തമായ കാറ്റിലും വേനല്‍ മഴയിലും പേരാമ്പ്ര മേഖലയില്‍ വ്യാപക നാശ നഷ്ടം. പലയിടങ്ങളിലും മരം കടപുഴകി വീണതിനെ തുടര്‍ന്ന് കൃഷി നാശവും ഗതാഗത തടസത്തിനും ഇടയാക്കി. പാലേരിയില്‍ പൂമരം കടപുഴകി പാലേരി മരുതോളി റോഡില്‍ ഗതാത തടസമുണ്ടാക്കി. പേരാമ്പ്രയില്‍ നിന്ന്ന അഗ്നി രക്ഷാ സേന എത്തിയാണ് മരം റോഡില്‍ നിന്ന് മാറ്റിയത്. പേരാമ്പ്ര കിഴിഞ്ഞാണ്യം, ചേനോളിറോഡ് എന്നിവിടങ്ങളില്‍ തെങ്ങ് കടപുഴകി വീണു. വാകയാട് കോട്ടയില്‍ മൂന്ന്മുറി കടയുടെ ടെറസിലെ മേല്‍ക്കൂര കാറ്റില്‍ ഇളകി റോഡില്‍ പതിച്ചു. അഗ്നിരക്ഷാ സേനയാണ് ഇത് റോഡില്‍ നിന്ന് മാറ്റിയത്.
മഴയെ തുടര്‍ന്ന് നടുവണ്ണൂര്‍ മേഖലയിലും വ്യാപക നാശമുണ്ടായി. കൃഷിയോടൊപ്പം മരങ്ങള്‍ കടപുഴകി വീണുകയും ചെയ്തു. കൂടാതെ വാകയാട് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂര കാറ്റിലും മഴയിലും പെട്ട് പറന്നുപോയി. മരങ്ങള്‍ കടപുഴകി വീടിന് മുകളില്‍ പതിച്ചത് കേടുപാടുകള്ക്കിടയാക്കി.
കായണ്ണ വാവോടുമ്മല് ബാബുവിന്റെ വീടിന് മിന്നലേറ്റ് കേടുപാടുകള്‍ സംഭവിച്ചു. രണ്ടാം വാര്‍ഡിലെ പൂളച്ചാലില്‍ മാധവന്റെ വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു.
ഇന്നലെ വൈകുന്നേരം ശക്തമായ മഴയാണ് ജില്ലയുടെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലുമുണ്ടായിരുന്നു. മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. കുറ്റ്യാടി മേഖലയില്‍ മഴയില്‍ വ്യാപക കൃഷി നാശം സംഭവിച്ചു. നേന്ത്രവാഴകളും മറ്റ് കാര്‍ഷിക വിളകളും കാറ്റില്‍ നശിച്ചു. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു.