”കഴിഞ്ഞ ദിവസം വരെ മഹല്ല് പരിപാടിയില്‍ മുന്നില്‍ നിന്നവനായിരുന്നു, ഇനിയവന്‍ കൂടെയില്ലായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല”; കാറപകടത്തില്‍ മരിച്ച മുഹമ്മദ് സിനാന് വിട നല്‍കാനൊരുങ്ങി കൊയിലാണ്ടി


കൊയിലാണ്ടി: ”ഒരിക്കല്‍ പരിചയപ്പെട്ട ആരും അവനെ മറക്കില്ല, അത്രയും നല്ല പെരുമാറ്റമായിരുന്നു…ഇന്നലെ വരെ കൂടെയുണ്ടായിരുന്നവന്‍ ഇന്നില്ലെന്നത് വിശ്വാസിക്കാന്‍ പോലും കഴിയുന്നില്ല….”നാദാപുരം റോഡില്‍ ഇന്നലെയുണ്ടായിരുന്ന കാറപകടത്തില്‍ മരിച്ച കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് കേയൻ്റകത്ത് വളപ്പിൽ മുഹമ്മദ് സിനാനെക്കുറിച്ച് അധ്യാപകനും ഇസ്സത്തുസ്സമാൻ മഹല്ല് ജനറൽ സെക്രട്ടറിയുമായ ആസിഫ് കലാം സംസാരിക്കുമ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

നബിദിനവുമായി ബന്ധപ്പെട്ട് അപകടത്തിന് തൊട്ട് തലേ ദിവസം വരെ പരിപാടികളില്‍ സജീവമായിരുന്നു. ഇസ്സത്തുസ്സമാൻ മഹല്ല് കമ്മിറ്റിയുടെ എല്ലാ പരിപാടികളിലും എപ്പോഴും സിനാന്‍ സജീവമായിരുന്നു. മഹല്ല് കമ്മിറ്റിയുടെ യൂത്ത് വിംഗ് ഭാരവാഹി കൂടിയായ സിനാന്‍ കഴിഞ്ഞ ദിവസം നബിദിന ആഘോഷവുമായി ബന്ധപ്പെട്ട്‌ ദഫ്മുട്ട് അവതരിപ്പിച്ചിരുന്നു മാത്രമല്ല, മഹല്ലിലെ കുട്ടികളുടെ ദഫ്മുട്ട് ട്രൈയിനര്‍ കൂടിയായിരുന്നു.

സിനാനും സുഹൃത്തുക്കളും, ഇന്നലെ എയര്‍പോര്‍ട്ടില്‍ നിന്നെടുത്ത ചിത്രം

കൊയിലാണ്ടി മാപ്പിള സ്‌ക്കൂളിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. സ്‌പോര്‍ട്‌സിലായിരുന്നു കൂടുതല്‍ സജീവം. കഴിഞ്ഞ വര്‍ഷം നടന്ന കോഴിക്കോട് ജില്ലാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് കേരള ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്തു. ബോക്‌സിംങ്ങിനൊപ്പം ഫുട്‌ബോളിലും സജീവമായിരുന്നു. കൊയിലാണ്ടി മാപ്പിള സ്‌ക്കൂളില്‍ നിന്നും പ്ലസ് ടു പൂര്‍ത്തിയാക്കിയ ശേഷം മറ്റൊരു കോഴ്‌സിനായി തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിക്കുന്നത്.

ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി തിരിച്ചു വരുന്നതിനിടെ തിങ്കളാഴ്ച രാവിലെയോടെയാണ് നാദാപുരം റോഡില്‍ വച്ച് സിനാനും അഞ്ച് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് മുന്നിലൂടെ ഇരുചക്രവാഹനക്കാരന്‍ പെട്ടെന്ന് മുറിച്ചുകടന്നപ്പോള്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കവേ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.

അപകടത്തിന് പിന്നാലെ സിനാനെയും സുഹൃത്തുകളെയും വടകര സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിനാനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വൈകുന്നേരത്തോടെ കൊയിലാണ്ടി മീത്തലെകണ്ടി ജുമാമസ്ജിദില്‍ ഖബറടക്കും.

ഉപ്പ: അസീസ്. ഉമ്മ: സക്കീന.

സഹോരന്‍: മുഹമ്മദ് നിഹാല്‍.

നാദാപുരം റോഡിലെ കാറപകടം ; പരിക്കേറ്റ കൊയിലാണ്ടി സ്വദേശിയായ പത്തൊമ്പതുകാരൻ മരിച്ചു

Description: Today including the grave of Muhammad Sinan who died in a car accident