ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (08/04/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള ബീഡി – ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നും നിലവിൽ പെൻഷൻ വാങ്ങുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ലൈഫ് സർട്ടിഫിക്കറ്റിന്റെ കോപ്പി ബന്ധപ്പെട്ട ബാങ്കുകളിൽ ലഭ്യമാണ്. അവസാന തിയതി ഏപ്രിൽ 30. ഫോൺ: 0497-2706133
മണ്ണെണ്ണ വിതരണം 16 വരെ
ഏപ്രിൽ മാസത്തെ സബ്സിഡി മണ്ണെണ്ണയുടെ വില്പന വില 81 രൂപയായി വർധിച്ചിട്ടുണ്ട്. റേഷൻ കടകളിൽ ശേഷിക്കുന്ന മണ്ണെണ്ണ 53 രൂപ നിരക്കിൽ എ.എ.വൈ വിഭാഗം കാർഡുകൾക്ക് മാത്രം ഏപ്രിൽ 16 വരെ വിതരണം നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
ജില്ലാ ആസൂത്രണ സമിതി യോഗം 12 ലേക്ക് മാറ്റി
തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് 2022-23 വാർഷിക പദ്ധതിയിലെ ഒന്നാംഘട്ട പ്രോജക്ടുകൾ ഓൺലൈനായി സമർപ്പിക്കുന്നതിന് സുലേഖ സോഫ്റ്റ് വെയർ പൂർണസജ്ജമാകാത്തതിനാൽ ജില്ലാ ആസൂത്രണ സമിതി യോഗം മാറ്റി. യോഗം ഏപ്രിൽ 12 ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.
താത്പര്യപത്രം ക്ഷണിച്ചു
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ നിയോക്രാഡിൽ, ഹൃദ്യം പദ്ധതികൾക്ക് കീഴിൽ എംപാനൽമെന്റിനായി ആംബുലൻസ് ഉടമകളിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 28 വൈകീട്ട് നാലുമണി. വിവരങ്ങൾക്ക് ഫോൺ: 0495 2374990.
എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം
കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ ഏപ്രിൽ 12 രാവിലെ 10ന് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റതവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്. വിവരങ്ങൾക്ക് calicutemployabilitycentre എന്ന ഫെയ്സ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ & വാട്സ്ആപ്പ്: 0495 2370178
വാഹന ലേലം
കോഴിക്കോട് എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളിൽ ഉൾപ്പെട്ട സർക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങൾ എം.എസ്.റ്റി.സി മുഖേന ഓൺലൈനായി ഏപ്രിൽ 18ന് ലേലം ചെയ്യും. വിവരങ്ങൾക്ക് എംഎസ്ടിസി വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0495 2372927.
ചൂടു കാലാവസ്ഥയിൽ കുട്ടികൾക്ക് അനുയോജ്യം ഖാദി വസ്ത്രങ്ങൾ – മന്ത്രി അഹമ്മദ് ദേവർകോവിൽ
ചൂടു കാലാവസ്ഥയിൽ കുട്ടികൾക്ക് ഏറെ അനുയോജ്യം ഖാദി വസ്ത്രങ്ങളാണെന്ന് തുറമുഖം – മ്യൂസിയം – പുരാവസ്തു വകുപ്പുമന്ത്രി അഹമ്മദ് ദേവർകോവിൽ. കേരള ഖാദിഗ്രാമ വ്യവസായ ബോർഡിന്റെ വിഷു – റംസാൻ – ഈസ്റ്റർ ഖാദി മേളയുടെ ഉദ്ഘാടനവും കുഞ്ഞുടുപ്പിന്റെ ലോഞ്ചിങ്ങും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ചെറൂട്ടി റോഡിൽ പ്രവർത്തിക്കുന്ന ഖാദിഗ്രാമ സൗഭാഗ്യ ഷോറൂമിലാണ് വിപണനമേള.
ലാഭേഛയില്ലാതെ പൂർണമായും മനുഷ്യകരങ്ങളാൽ നെയ്തെടുക്കുന്ന ഖാദി വസ്ത്രങ്ങൾ ഗുണമേന്മയിലും മുന്നിട്ടു നിൽക്കുന്നു. വിദേശ നിർമിത വസ്ത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പരുത്തിനൂലിഴകളിൽ പ്രകൃതിജന്യ വർണങ്ങൾ പകർന്നു നെയ്തെടുക്കുന്ന കുഞ്ഞുടുപ്പുകൾ ഏറെ സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു. പുതുതായി വിപണിയിൽ ഇറക്കിയ കുഞ്ഞുടുപ്പിന്റെ ആദ്യ വിൽപനയും മന്ത്രി നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. വാഴയൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ മാസ്റ്റർ, വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ, ഖാദിഗ്രാമ വ്യവസായ ബോർഡ് അംഗം സാജൻ തൊടുക തുടങ്ങിയവർ പങ്കെടുത്തു. ഖാദിഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ് സ്വാഗതവും പ്രൊജക്ട് ഓഫീസർ കെ. ഷിബി നന്ദിയും പറഞ്ഞു.
ഓട്ടിസം വാരാചരണ പരിപാടികൾ സംഘടിപ്പിച്ചു
ഓട്ടിസം ബോധവത്കരണ വാരാചരണവുമായി ബന്ധപ്പെട്ട് ഇംഹാൻസിലെ ഓട്ടിസം പ്രൊജക്ടിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആകാശവാണി കോഴിക്കോട് നിലയം മാർച്ച് 29നു പ്രക്ഷേപണം ചെയ്ത ‘ഓട്ടിസം- കരുതലും ശ്രദ്ധയും ‘ എന്ന ചർച്ചയിൽ ഇംഹാൻസിലെ പി.എസ്.ഡബ്ല്യൂ മേധാവി ഡോ സീമ. പി ഉത്തമനും സി.ഡി.എസ് മെഡിക്കൽ ഓഫീസർ ഡോ. നീനിയും പങ്കെടുത്തു.
ഇംഹാൻസിലെ ഓട്ടിസം പദ്ധതിയിൽ പരിശീലനത്തിനായി വരുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മാർച്ച് 31നു മേഖലാ ശാസ്ത്രകേന്ദ്രത്തിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. ഓട്ടിസം ദിനമായ ഏപ്രിൽ 2ന് ഇംഹാൻസിൽ ഓട്ടിസം ബോധവത്കരണ പോസ്റ്റർ പ്രദർശനം നടത്തി.
ലോകാരോഗ്യ ദിനമായ ഏപ്രിൽ 7നു രക്ഷകർത്താക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇംഹാൻസ് ഡയറക്ടർ ഡോ.പി കൃഷ്ണകുമാർ ആമുഖ പ്രഭാഷണം നടത്തി. പി.എസ്.ഡബ്ല്യൂ മേധാവി ഡോ. സീമ പി ഉത്തമൻ, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ജിൻഷി ജയപ്രകാശിന്റെ ക്ലാസുകൾ രക്ഷിതാക്കൾക്ക് ഏറെ ഗുണകരമായി.
ഏപ്രിൽ 8ന് ‘ജനറ്റിക്സും ഓട്ടിസവും’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ഇംഹാൻസിലെ ന്യൂറോ സയൻസ് റിസർച്ച് ലബോറട്ടറിലെ ഡോ.ഷബീഷ് ബാലനാണ് വിഷയം അവതരിപ്പിച്ചത്. ഇംഹാൻസ് ഓട്ടിസം പദ്ധതിയിലെ അംഗങ്ങളായ പി. നീമ, ആർ. വിജിത്ത്, ഷിയോണ സുധീർ, എസ്. ഗീതു, കെ.വി. ജസീന, ജിൻഷി ജയപ്രകാശ് എന്നിവരാണ് ഓട്ടിസം വാരാചരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്.
യാത്രയയപ്പും അനുമോദനവും സംഘടിപ്പിച്ചു
വടകര നഗരസഭയിലെ വിരമിക്കുന്ന അധ്യാപകർക്കും എ.ഇ.ഒക്കും യാത്രയയപ്പ് നൽകി. നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ വനജ അധ്യക്ഷയായി. ഡയറ്റ് പ്രിൻസിപ്പാൾ പ്രേമരാജ് മാസ്റ്റർ മുഖ്യതിഥിയായി.
നഗരസഭ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കെ.കെ ശിവദാസൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ നഗരസഭയിലെ എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കളെ അനുമോദിച്ചു. 170 കുട്ടികൾ എൽ.എസ്.എസും 104 പേർ യു.എസ്.എസും നേടി.
നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ സിന്ധു പ്രേമൻ, പി. വിജയി, പി. സജീവ് കുമാർ, എ.പി പ്രജിത, എം. ബിജു തുടങ്ങിയവർ പങ്കെടുത്തു.
ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് 1.12 കോടി രൂപയുടെ ഭരണാനുമതി
കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിക്ക് പുതിയ ബ്ലോക്ക് നിർമിക്കുന്നതിനായി 1.12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ദേശീയ ആയുഷ് മിഷനു കീഴിൽ സ്റ്റേറ്റ് ആന്വൽ ആക്ഷൻ പ്ലാൻ 2018-19 പ്രകാരം 75 ലക്ഷം രൂപയും നഗരസഭ ഫണ്ടിൽനിന്നും 37 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം പണിയുക. ഹെൽത്ത് മിഷന്റെ മേൽനോട്ടത്തിൽ എച്ച്.എൽ.എൽ ആണ് നിർമാണം ഏറ്റെടുത്തത്. പുതിയ കെട്ടിടത്തിൽ ഒ.പി ബ്ലോക്ക്, പാലിയേറ്റീവ് വിഭാഗം എന്നിവയാണ് പ്രവർത്തിക്കുക.
ഉയരാം ഒന്നിച്ച് എക്സ്പോഷർ: വിദ്യാർഥികൾ കലക്ട്രേറ്റ് സന്ദർശിച്ചു
ഉയരാം ഒന്നിച്ച് എക്സ്പോഷർ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ കോഴിക്കോട് കലക്ട്രേറ്റിലെ വിവിധ ഓഫീസുകളിൽ സന്ദർശനം നടത്തി. ജില്ലാ പി.എസ്.സി ഓഫീസ്, പോലീസ് കമ്മീഷണർ ഓഫീസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് എന്നിവിടങ്ങളാണ് സന്ദർശിച്ചത്. കൊടുവള്ളി ബ്ലോക്കിന് കീഴിലെ കട്ടിപ്പാറ, തിരുവമ്പാടി, കോടഞ്ചേരി, പഞ്ചായത്തുകളിലെ ട്രൈബൽ കോളനികളിൽനിന്നുള്ള 28 വിദ്യാർഥികളാണ് പഠനാനുബന്ധമായി കലക്ട്രേറ്റിലെ വിവിധ ഓഫീസുകളിലെത്തിയത്.
സബ് കലക്ടർ ചെൽസാസിനി, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ബെന്നി പി. തോമസ് എന്നിവർ കലക്ട്രേറ്റിൽ വിദ്യാർഥികളെ സ്വീകരിച്ചു. കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി വിദ്യാർഥികളുമായി സംവദിച്ചു. പഠനത്തോടൊപ്പം കലയ്ക്ക് പ്രാധാന്യം നൽകണമെന്നും എല്ലാ ദിവസവും സ്കൂളിൽ പോകണമെന്നും കലക്ടർ നിർദേശിച്ചു. കോളനികളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ കലക്ടർ ആരാഞ്ഞു. അസിസ്റ്റന്റ് കലക്ടർ ആർ മുകുന്ദ് വിദ്യാർഥികളുമായി സംസാരിച്ചു.
പി.എസ്.സി സീനിയർ ഗൈഡ് അസിസ്റ്റന്റ് സുജിത്ത്, റവന്യൂ ഡിവിഷണൽ ഓഫീസർ എം. ഷൈജു, സാമൂഹ്യനീതി ജൂനിയർ സൂപ്രണ്ട് എം. അബ്ദുള്ള തുടങ്ങിയവർ കുട്ടികൾക്ക് ക്ലാസെടുത്തു. പട്ടികവർഗ വികസന ഓഫീസ് സി.എസ്.ഡബ്ല്യൂ സനീഷ് വർഗീസ്, ചൂരത്തോട് എം.ജി.എൽ.സി സ്കൂൾ ടീച്ചർ രാഘവൻ, ജീവനക്കാരി ഡോളി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
യാത്ര രാവിലെ 9 ന് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് ഫ്ളാഗ് ഓഫ് ചെയ്തു. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ.ഷമീർ, വാർഡ് മെമ്പർ സൂരജ എന്നിവർ പങ്കെടുത്തു.
കൊല്ലിയിൽമുക്ക് – നടുക്കണ്ടി ക്ഷേത്രം റോഡ് നാടിന് സമർപ്പിച്ചു
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത കൊല്ലിയിൽമുക്ക് – നടുക്കണ്ടി ക്ഷേത്രം റോഡ് നാടിന് സമർപ്പിച്ചു. മേപ്പയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം നിർവഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പ്രസന്ന അധ്യക്ഷത വഹിച്ചു. കെ.കെ.ബാബു, പി.പി കഞ്ഞ്യോയി, സി.പി ശെൽവി, പി.പി ബാലൻ, സി.കെ ഷാജി, മിനി പാറക്കണ്ടി എന്നിവർ സംസാരിച്ചു.
ജീവനക്കാർക്ക് സ്നേഹാദരവ് നൽകി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്
2021-22 സാമ്പത്തിക വർഷം പദ്ധതി നിർവഹണത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനവും സംസ്ഥാനത്ത് ഏഴാംസ്ഥാനവും കൈവരിക്കാൻ ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിക്കൊപ്പം പ്രവർത്തിച്ചവർക്ക് സ്നേഹാദരവുമായി പഞ്ചായത്ത്. പഞ്ചായത്ത് ജീവനക്കാർ, തൊഴിലുറപ്പ് പദ്ധതി ജീവനക്കാർ, എൽ.എസ്.ജി.ഡി എൻജിനീയറിങ് ജീവനക്കാർ, ഘടക സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്കാണ് സ്നേഹാദരവ് സംഘടിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി തീരുമാനങ്ങൾ നടപ്പാക്കുന്നതിന് ജീവനക്കാരുടെ പങ്ക് ഏറെ വലുതാണെന്നും ചക്കിട്ടപാറ പഞ്ചായത്തിലെ ജീവനക്കാർ ഈ കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.
ചക്കിട്ടപാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് ഇ.എം, സി.കെ ശശി, ബിന്ദു വത്സൻ, കെ.എ ജോസൂട്ടി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.സി സുരാജൻ, പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ്, സി.ഡി.എസ് ചെയർപേഴ്സൺ ശോഭ പട്ടാണികുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു.