പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അംഗീകാര നിറവില്‍; എന്‍.എസ്.എസ് സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ വീണ്ടും പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍


ചേമഞ്ചേരി: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയിലെ മികച്ച എന്‍.എസ്.എസ് യൂണിറ്റ് അംഗീകാരം പൊയിക്കാവ് എച്ച്.എസ്.എസ് നേടി. ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡിന് മിഥുന്‍ മോഹന്‍.സി അര്‍ഹനായി. 2018-19 വര്‍ഷത്തില്‍ ഈ വിദ്യാലയത്തില്‍ നാല് സംസ്ഥാന എന്‍.എസ്.എസ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

സ്‌നേഹഭവനം, ഓണക്കിറ്റ് വിതരണം, ലഹരിക്കെതിരെയുള്ള സൈക്കിള്‍ റാലി, തെരുവുനാടകം, ഫ്‌ളാഷ് മോബ്, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണം, ക്യാന്‍സര്‍ രോഗികള്‍ക്കായി കേശദാനം, വിവിധ കൃഷിയിടങ്ങളിലെ വേറിട്ട പ്രവര്‍ത്തനം, സാനിറ്റൈസര്‍ നിര്‍മ്മാണം, വയനാട്ടില്‍ കുടിവെള്ളക്ഷാമം തടയുന്നതിന് കാളിന്ദി നദിയില്‍ തടയണ നിര്‍മ്മാണം, മാനന്തവാടി മേഖലയില്‍ അഞ്ചോളം വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, മിയാവാക്കി നിര്‍മ്മാണം, ക്ലസ്റ്റര്‍ തലത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുവാന്‍ ചാലക ശക്തിയായി, മില്ലറ്റ് കൃഷിയില്‍ ജില്ലയിലെ മികച്ച പ്രവര്‍ത്തനം, സമുദ്രതീര ശുചീകരണം, കണ്ടല്‍ തൈ നടല്‍ എന്നിവ യൂണിറ്റിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ആണ്.

എന്‍.എസ്.എസിന്റെ സമുന്നതി പദ്ധതിയുടെ ആവിര്‍ഭാവം പിന്നീട് അത് ആര്‍ച്ച എന്ന പേരില്‍ എന്‍.എസ്.എസിന്റെ സംസ്ഥാന പരിപാടിയായി മാറി. രക്ത ദാന ക്യാമ്പുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, അവശ നിലയിലുള്ള രോഗികള്‍ക്ക് ആശ്രയമായും നാടിന്റെ സ്പന്ദനമായും പൊയില്‍ക്കാവ് എന്‍.എസ്.എസ് യൂണിറ്റ് മാറി.