”43പേരെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു, കേരളത്തില്‍ ഏറ്റവും വലിയ പ്രതിഷേധം നടന്നത് കൊയിലാണ്ടിയില്‍’; കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം കൊയിലാണ്ടിയിലുണ്ടായ പ്രതിഷേധസമരത്തെക്കുറിച്ച് സി.പി.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്‍മാഷ്


കേരളത്തിലെ യുവജന സമരചരിത്രത്തിലെ ഐതിഹാസികമായ ഒരു ഏടായിരുന്നു കൂത്തുപറമ്പ് വെടിവെയ്പ്പും തുടര്‍ന്ന് കേരളത്തില്‍ നടന്ന സംഭവവികാസങ്ങളും. യു.ഡി.എഫ് സര്‍ക്കാരിന്റെ വിദ്യഭ്യാസ നയത്തിനെതിരെ യുവജനങ്ങള്‍ നടത്തിയ സമരത്തിന് നേരെ കൂത്തുപറമ്പില്‍ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ അഞ്ച് ചെറുപ്പക്കാര്‍ കൊല്ലപ്പെടുകയും
വെടിവെയ്പ്പില്‍ സുഷുമ്‌ന നാഡിയ്ക്ക് പരിക്കേറ്റ്  പുഷ്പന്‍ ജീവിക്കുന്ന രക്തസാഹക്ഷിയായി  മാറുകയും ചെയ്തിരുന്ന സംഭവവും വലിയ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചു.

തുടര്‍ന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രക്ഷോഭ സമരത്തില്‍ യുവജനങ്ങള്‍ ഒന്നാകെ തെരുവില്‍ ഇറങ്ങുകയും പോലീസും ഭരണകൂടവുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. കൂത്തുപറമ്പ് സംഘര്‍ഷത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ വലിയ പ്രക്ഷോഭമാണ് നടന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഏറ്റവും വലിയ പ്രതിഷേധം നടന്ന സ്ഥലമായിരുന്നു കൊയിലാണ്ടി. അന്ന് കൊയിലാണ്ടിയില്‍ നടന്ന പ്രതിഷേധ  സമരത്തില്‍ പങ്കെടുക്കുകയും പോലീസിന്റെ മര്‍ദ്ദനവും അതിന്റെ ഭാഗമായി ജയില്‍വാസവും അനുഭവിച്ച ഇന്നത്തെ സി.പി.എം കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി.കെ ചന്ദ്രന്‍മാഷ് കൂത്തുപറമ്പില്‍ നടന്നത്  ഓര്‍ത്തെടുക്കുകയാണ്. സഖാവ് പുഷ്പന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ചന്ദ്രന്‍ മാഷ് പഴയ ഓര്‍മ്മകള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവെയ്ക്കുന്നു.

”കൂത്തുപറമ്പ് വെടിവെയ്പ്പുമായി ബന്ധപ്പെട്ട് ഒരു മാസം ജയിലില്‍ കിടന്നിരുന്നു. വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരെ മന്ത്രിമാരെ തെരുവില്‍ തടയുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച സമരമായിരുന്നു അത്. കേരളത്തില്‍ എല്ലായിടത്തും അത്തരം സമരം നടന്നിരുന്നു. കൂത്തുപറമ്പില്‍ അന്നത്തെ സഹകരണ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു തടഞ്ഞത്. സമരത്തില്‍ വെടിവെയ്പ്പ് ഉണ്ടായതിനെ തുടര്‍ന്ന് കൊയിലാണ്ടിയിലും പ്രതിഷേധം ആളിക്കത്തി. തുടര്‍ന്ന് ഞങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ നെയിംബോര്‍ഡ് വരെ അഴിച്ചുമാറ്റി പോലീസ്
വന്നു മൃഗീയമായി മര്‍ദിച്ച് നാല്‍പ്പത്തിമൂന്ന് പേരെും  പിടിച്ചുകൊണ്ടുപോയി. കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലിട്ട് നേരം പുലരുന്നതുവരെ ഓരോരുത്തരെ ആയും കൂട്ടമായും ക്രൂരമായി മര്‍ദിച്ചു. മര്‍ദിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്മാര്‍ ആരാണ് എന്ന് പോലും മനസിലായില്ല. അന്ന് സിസിടിവി ഒന്നും ഇല്ല.

കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ അല്ലായിരുന്നു പുറത്ത് നിന്നും വന്ന പോലീസുകാരായിരുന്നു മര്‍ദിച്ചത്. അന്നത്തെ കോഴിക്കോട്‌ കോര്‍പറേഷന്‍ മേയര്‍ ടി.പി ദാസന്‍ ഉള്‍പ്പെടെയുള്ള സഖാക്കള്‍ എത്തിയില്ലായിരുന്നെങ്കില്‍ രക്ഷപ്പെടില്ലായിരുന്നു. അത്രയും മൃഗീയമായ മര്‍ദനമാണ് നടന്നത്. പിന്നീട് പുലര്‍ച്ചയോടെ പൂക്കാട് താമസിച്ചിരുന്ന കൊയിലാണ്ടി  മജിസ്‌ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കി കോഴിക്കോട് ജയിലിലേക്ക് റിമാന്റ് ചെയ്തു.

ഇരുപത്തിയൊന്‍പത് ദിവസം ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് ഞങ്ങളെ റിലീസ് ചെയ്തത്. എല്‍ഡിഎഫുകാരെ മാത്രമല്ല സമരത്തെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന്റെ ആളുകള്‍ വരെ സമരം കാണാന്‍ വന്നിരുന്നു. അവരെ വരെ അന്ന്‌ പിടിച്ചുകൊണ്ടുപോയിരുന്നു. തുടര്‍ന്ന് കേസ് വിചാരണ കോഴിക്കോട് ഫാസ്റ്റ് ട്രാക്ക്‌ കോടതയില്‍ നടന്നു. പോലീസുകാരെ മര്‍ദിച്ചു എന്ന് പറഞ്ഞ് വധശ്രമത്തിനൊക്കെയാണ് അന്ന് കേസ് ചാര്‍ജ് ചെയ്തത്. എന്നാല്‍ പ്രോസിക്യൂഷന് തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ അന്ന് ഞങ്ങളെയൊക്കെ കോടതി വെറുതെ വിട്ടു.

കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം കേരളത്തില്‍ ഏറ്റവും വലിയ പ്രതിഷേധം നടന്നത് കൊയിലാണ്ടിയിലാണ്. കൊയിലാണ്ടിയില്‍ അന്ന് ആകാശത്തേക്ക് വെടിവെച്ചു, അന്ന് വലിയ കലാപമാണ് പോലീസ് കൊയിലാണ്ടിയില്‍ അഴിച്ചുവിട്ടത്. ജയില്‍വാസത്തിന് ശേഷം പുഷ്‌പേട്ടനെ രണ്ട് മൂന്ന് വട്ടം പോയി കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.

Description: TK Chandranmash talks about the protest in Koyilandy after the koothuparamba firing