”കൂത്തുപറമ്പില്‍ നിന്നും ആംബുലന്‍സുകള്‍ തുടരെ തുടരെ കോഴിക്കോട്ടേക്ക് കുതിക്കുകയാണ്, പ്രതിഷേധിക്കാന്‍ പാര്‍ട്ടി ഓഫീസിലെത്തിയപ്പോള്‍ പാര്‍ട്ടി ഓഫീസ് വളഞ്ഞ് പൊലീസ് സംഘം” കൂത്തുപറമ്പ് വെടിവെപ്പ് കൊയിലാണ്ടിയിലുണ്ടാക്കിയ സംഭവങ്ങള്‍ ഓര്‍ത്ത് വലിയാട്ടില്‍ രമേശന്‍


1995 നവംബര്‍ 25 കൂത്തുപറമ്പ് വെടിവെപ്പ് കഴിഞ്ഞ്‌ കുറച്ചു സമയത്തിനകം ആ വാര്‍ത്ത കൊയിലാണ്ടിയിലുമെത്തി. സ്വാശ്രയ കോളേജ് വിരുദ്ധ സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ വെടിവെപ്പ് നടന്നെന്നും അഞ്ച് സഖാക്കള്‍ കൊല്ലപ്പെട്ടുവെന്നും വിവരം വന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വീട്ടിലിരിക്കുമ്പോഴാണ് എല്ലാ സഖാക്കളും കൊയിലാണ്ടിയിലെത്തണമെന്ന സന്ദേശം ലഭിക്കുന്നത്. ഞാന്‍ അന്ന് ഡി.വൈ.എഫ്.ഐയുടെ വിയ്യൂര്‍ വില്ലേജ് സെക്രട്ടറിയായിരുന്നു. ഉടനെ തന്നെ ഞങ്ങള്‍ സൈക്കിളുമെടുത്ത് കൊയിലാണ്ടിയിലെത്തി. പഴയ പാര്‍ട്ടി ഓഫിസാലാണ്. വൈകുന്നേരം പ്രകടനമുണ്ടെന്നായിരുന്നു പറഞ്ഞത്.

കൂത്തുപറമ്പ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമൊക്കെയായി അന്ന് ആംബുലന്‍സ് കൊയിലാണ്ടിവഴി തുടരെ തുടരെ കടന്നുപോകുന്നുണ്ടായിരുന്നു. ഇത് യുവാക്കളെ വൈകാരികമായി ഉണര്‍ത്തുകയും പല ഭാഗത്തും പ്രതിഷേധ പ്രകടനങ്ങളും മുദ്രാവാക്യം വിളികളും ഉയരുകയും ചെയ്തു. ഞങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ ഇരിക്കുമ്പോഴാണ് പുറത്ത് ഇത്തരത്തില്‍ സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും നടന്നത്. അന്നത്തെ കൊയിലാണ്ടി സി.ഐ ചെറിയാന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ സമരത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ തടയുകയെന്ന ഉദ്ദേശത്തോടെ നേതൃരംഗത്തുള്ള സഖാക്കളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടായി. ഇതിന്റെ ഭാഗമായി പൊലീസ് സംഘം പാര്‍ട്ടി ഓഫീസ് വളഞ്ഞു. എന്‍.വി ബാലകൃഷ്ണന്‍, അഡ്വ.സത്യന്‍, ടി.കെ ചന്ദ്രന്‍മാസ്റ്റര്‍ തുടങ്ങിയവരായിരുന്നു അന്ന് ഒപ്പം ഓഫീസിലുണ്ടായിരുന്നത്.

ഓഫീസിലുണ്ടായിരുന്ന സഖാക്കളെ മുഴുവന്‍ പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. 56 പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. അത്രയും പേരെന്നും ഈ പ്രതിഷേധത്തിന്റെയോ സംഘര്‍ഷത്തിന്റെയോ ഭാഗമായവരായിരുന്നില്ല. പൊലീസ് എണ്ണം തികക്കാനെന്ന പോലെ കണ്ണില്‍കണ്ടവരെയൊക്കെ പിടികൂടുകയായിരുന്നു. അതില്‍ സി.പി.എമ്മുകാര്‍ മാത്രമല്ല, ഇതര രാഷ്ട്രീയ ആശയധാരവെച്ചുപുലര്‍ത്തുന്നവരുമുണ്ടായിരുന്നു.

പിടിച്ചുകൊണ്ടുപോയ അന്ന് രാത്രി മുഴുവന്‍ ലോക്കപ്പിലിട്ട് മര്‍ദ്ദനമായിരുന്നു. എം.എസ്.പി സംഘമാണ് മര്‍ദ്ദിച്ചത്. ഞങ്ങള്‍ കൈചേര്‍ത്ത് പിടിച്ച് ഒരുമിച്ച് നിന്ന് മര്‍ദ്ദനത്തെ നേരിട്ട്. പൊലീസ് ബലം പ്രയോഗിച്ച് ഞങ്ങളെ വേര്‍പെടുത്തി. അവിടെയുണ്ടായിരുന്ന എല്ലാവരെയും ഒരുപോലെ മര്‍ദ്ദിച്ചു. പുലരുംവരെ പച്ചവെള്ളം പോലും തന്നില്ല. പുലര്‍ച്ചെ പൂക്കാട് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുംവരെ മര്‍ദ്ദനമായിരുന്നു.

മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയപ്പോള്‍ റിമാന്‍ഡ് ചെയ്തു. പിറ്റേന്ന് എല്ലാവരും ജയിലിലേക്ക്. കോഴിക്കോട്ടായിരുന്നു. കൊയിലാണ്ടിയിൽ റിമാണ്ടിൽ വച്ച് മർദനമേറ്റ ഞങ്ങളെ കോഴിക്കോട് ജയിലിൽ നിന്ന് ബീച്ച് ആശുപത്രിയിൽ കൊണ്ടുപോയി മുറിവുകളിൽ മരുന്നു വച്ചു. മൂടാടി പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശങ്കരൻ വൈദ്യർ തൈലവും മരുന്നുകളുമായാണ് ജയിലിൽ സർശിക്കാനെത്തിയത്. ജയിലില്‍ കഴിഞ്ഞ 29 ദിവസങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവങ്ങളാണ്. അവിടെ ഞങ്ങള്‍ക്ക് പാര്‍ട്ടി ക്ലാസുകള്‍ ലഭിച്ചു, ക്രിയാത്മകമായ ചര്‍ച്ചകള്‍ നടന്നു, അവിടെ കണ്ട അനീതികള്‍ക്കെതിരെ പ്രതികരിച്ചു. ജയിലില്‍ നിന്നിറങ്ങിയപ്പോഴേക്കും മറ്റ് രാഷ്ട്രീയ കക്ഷികളില്‍ ഉള്‍പ്പെട്ടവര്‍ കൂടി ഇടതുപക്ഷ ആശയങ്ങളില്‍ ആകൃഷ്ടരായി പ്രസ്ഥാനത്തിനൊപ്പം നിന്നു. ജയിലില്‍ നിന്നിറങ്ങി ഏറെക്കാലം ചികിത്സയിലായിരുന്നു.

ഇന്ന് കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന്‍ വേര്‍പെട്ടെന്ന വാര്‍ത്തകേള്‍ക്കുമ്പോള്‍ ഈ സംഭവങ്ങളെല്ലാം ഇന്നലെയെന്നപോലെ മനസില്‍ തെളിയുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രക്തരൂക്ഷിതമായ സമരകാലത്തിന്റെ ഓര്‍മ്മകള്‍.