പുഷ്പന്റെ മൃതദേഹം നാളെ വിലാപയാത്രയായി തലശ്ശേരിയിലേക്ക്; ടൗണ്‍ഹാളിലും മേനപ്രത്തും പൊതുദര്‍ശനം


കോഴിക്കോട്: കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്റെ മൃതദേഹം നാളെ വിലാപയാത്രയായി കോഴിക്കോട് നിന്നും കണ്ണൂര്‍ ജില്ലയിലെത്തിക്കും. മൃതദേഹം ഇന്ന് ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ രാവിലെ എട്ടുമണിക്കാണ് കണ്ണൂരിലേക്ക് കൊണ്ടുപോകുക. 10.30ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് മേനപ്രം രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനമുണ്ടാകും. നാലുമണിവരെ പൊതുദര്‍ശനം തുടരും. വൈകുന്നേരം അഞ്ച് മണിക്ക് ചൊക്ലിയിലെ വസതിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

പുഷ്പന്റെ നിര്യാണത്തെ തുടര്‍ന്ന് നാളെ കൂത്തുപറമ്പ്, തലശ്ശേരി മണ്ഡലങ്ങില്‍ ഹര്‍ത്താര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പുജീവിത്തിനൊടുവിലാണ് പുഷ്പന്‍ നാടിനോട് വിടപറഞ്ഞത്. നീതിനിഷേധിക്കപ്പെട്ടവര്‍ക്കായി ഒരു മുദ്രാവാക്യമെങ്കിലും വിളിക്കാന്‍ പറ്റാതെയിരുക്കുന്നതിലും ഭേദം മരണമെന്നായിരുന്നു സഹനങ്ങളത്രയും താണ്ടിയിട്ടും ജീവിതാന്ത്യത്തിലും പുഷ്പന്റെ നിലപാട്.

1994 നവംബര്‍ 25നാണ് നാഡി തുളച്ചുകയറിയ വെടിയുണ്ടയേറ്റ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പുഷ്പന്‍ വീണുപോയത്. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള യാത്രയായിരുന്നു പിന്നീട്. ലഭിക്കാവുന്ന എല്ലാ ചികിത്സയും പുഷ്പന് പാര്‍ട്ടി ഉറപ്പുവരുത്തി. 30 വര്‍ഷത്തോളം തളര്‍ന്നു കിടന്ന പുഷ്പന്‍ അക്ഷരാര്‍ഥത്തില്‍ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു. വെടിയേറ്റ് പൂര്‍ണമായി കിടപ്പിലായിട്ടും ഇത്രയും നാള്‍ ജീവിച്ചിരുന്ന മറ്റൊരാള്‍ കേരളത്തിലില്ല.

കഠിനവേദനയിലും പുഞ്ചിരി മായാത്ത മുഖവുമായാണ് പുഷ്പനെയെന്നും നാട് കണ്ടത്. നിരാശയുടെ ഒരു ലാഞ്ചനപോലും പുഷ്പനില്‍ ആരും കണ്ടിട്ടുണ്ടാവില്ല. അത്രയും മനകരുത്തും രാഷ്ട്രീയ ബാധ്യവും പുഷ്പന് അന്നുതൊട്ടിന്നോളമുണ്ടായിരുന്നു.

കര്‍ഷക തൊഴിലാളി കുടുംബത്തില്‍ പിറന്ന പുഷ്പന് എട്ടാം ക്ലാസ് വരെ മാത്രമായിരുന്നു ഔപചാരിക വിദ്യാഭ്യാസം. നാട്ടില്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന പുഷ്പന്‍, കുടുംബം പുലര്‍ത്താനായി ബെംഗളൂരുവിലേക്ക് വണ്ടി കയറി. അവിടെ പലചരക്ക് കടയിലായിരുന്നു ജോലി. അവധിക്ക് നാട്ടിലത്തിയപ്പോള്‍ സ്വാശ്രയ കോളജ് വിരുദ്ധ സമരം കേരളത്തില്‍ ആളിക്കത്തുകയാണ്. പുഷ്പനും അതിന്റെ ഭാഗമായി. അങ്ങനെയാണ് 1994 നവംബര്‍25 വെളളിയാഴ്ച കൂത്തുപറമ്പില്‍ എംവി രാഘവനെ തടയാനുളള സമരത്തിന്റെ ഭാഗമാകുന്നത്.

കൂത്തുപറമ്പില്‍ അര്‍ബന്‍ ബാങ്ക് സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സഹകരണ മന്ത്രിയായിരുന്ന എംവി രാഘവന്‍. ചടങ്ങില്‍ അധ്യക്ഷന വഹിക്കേണ്ടിയിരുന്ന മന്ത്രി എന്‍ രാമകൃഷ്ണന്‍, സംഘര്‍ഷ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ചടങ്ങില്‍ നിന്ന് പിന്‍മാറിയെങ്കിലും രാഘവന്‍ ഉറച്ച് നിന്നു. എം.വി രാഘവന് നേരെ ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. കെ.കെ.രാജീവന്‍, കെ.വി.റോഷന്‍, വി.മധു, സി.ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടിരുന്നു.

Summary: cpm activist pushpan who was lying in bed after being injured in the koothuparm firing passed away